""ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ റദ്ദാക്കാൻ ശ്രമം''; ബിജെപി ഇതര സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ
Thursday, September 4, 2025 2:15 AM IST
ന്യൂഡൽഹി: ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച കോടതിവിധിയെ ചോദ്യംചെയ്ത് കേന്ദ്രസർക്കാർ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ റദ്ദാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ഇതര സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ.
കർണാടക, പശ്ചിമബംഗാൾ, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണു രാഷ്ട്രപതി പരാമർശത്തിനെതിരേ സുപ്രീംകോടതിയിൽ തങ്ങളുടെ നിലപാട് അറിയിച്ചത്. ഭരണഘടനയുടെ പ്രവർത്തനത്തിൽ ഗവർണറെ ഒരു തടസമാക്കുന്ന കേന്ദ്രസർക്കാരിന്റെ കെണിയിൽ വീഴരുതെന്നും ഈ സംസ്ഥാനങ്ങൾ കോടതിയിൽ പറഞ്ഞു.
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയമപരിധി നിശ്ചയിക്കാൻ കഴിയുമോ എന്നതടക്കമുള്ള വിഷയത്തിൽ ഏഴാം ദിവസമാണു സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം നടന്നത്. നേരത്തേ രാഷ്ട്രപതി പരാമർശം പരിഗണിക്കരുതെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.
ഒരു നിയമനിർമാണത്തെ ഏതൊരു സാധാരണ പൗരനും കോടതികളിൽ ചോദ്യം ചെയ്യാം. എന്നാൽ, പാസാക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നത് ന്യായീകരിക്കാനാകില്ലെന്നാണു പശ്ചിമബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞത്.
ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ ഭേദഗതിയാകില്ലേ എന്ന ചോദ്യത്തെ സിബൽ പൂർണമായും എതിർത്തു. ഭരണഘടന പൂർണമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കോടതി ചെയ്യുന്നത്. അതൊരിക്കലും ഭേദഗതിയാകില്ലെന്നും സിബൽ കോടതിയിൽ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന വാദത്തിനിടയിലായിരുന്നു സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാഭേദഗതിക്കു തുല്യമാകില്ലേയെന്ന ചോദ്യം കോടതി ഉന്നയിച്ചത്.