ഇന്ത്യ-ജർമനി സഹകരണത്തിന് സാഹചര്യങ്ങൾ അനുകൂലം: എസ്. ജയശങ്കർ
Thursday, September 4, 2025 2:15 AM IST
ന്യൂഡൽഹി: ഇന്ത്യയും ജർമനിയും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ഉതകുന്ന സാഹചര്യങ്ങളാണ് ആഗോളതലത്തിലുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സുസ്ഥിരമായ ലോക സാന്പത്തികമേഖല സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിനും ജർമനി പിന്തുണ പ്രഖ്യാപിച്ചു. ജർമൻ വിദേശകാര്യ മന്ത്രി യൊഹാൻ വാഡെഫുലും ജയശങ്കറും ചേർന്നുള്ള സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം, പ്രതിരോധം, സുരക്ഷ, ഹരിത ഹൈഡ്രജൻ, സെമികണ്ടക്ടർ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതു സംബന്ധിച്ചും ചർച്ചകൾ നടന്നു. ജർമനിയിലേക്ക് ഇന്ത്യൻ വിദ്യാർഥികൾക്ക് ഹ്രസ്വകാല വീസ നല്കാൻ ധാരണയായതായി ജയശങ്കർ പറഞ്ഞു. 60,000 ഇന്ത്യൻ വിദ്യാർഥികൾ ജർമനിയിലുണ്ട്.
കഴിഞ്ഞവർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 5000 കോടി യൂറോയുടേതായിരുന്നു. ഇതു വർധിപ്പിക്കാൻ ശ്രമം ആരംഭിച്ചതായി ജയശങ്കർ കൂട്ടിച്ചേർത്തു.
യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും റഷ്യമായുള്ള ഊഷ്മളബന്ധം ഇന്ത്യ ഇതിനായി ഉപയോഗിക്കണമെന്നും യൊഹാൻ വാഡെഫുൽ പറഞ്ഞു.