ബലാത്സംഗ കേസിൽ അറസ്റ്റിലായ എഎപി എംഎൽഎ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
Wednesday, September 3, 2025 2:06 AM IST
പട്യാല: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പഞ്ചാബിലെ എഎപി എംഎൽഎ ഹർമീത് സിംഗ് പഠാൻമജ്റ പോലീസിന്റെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു.
കർണാൽ ജില്ലയിലെ ദാബ്രി ഗ്രാമത്തിൽവച്ചാണ് ഹർമീതിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി പോലീസിനുനേർക്ക് കല്ലെറിയുകയും വെടിവയ്പ് നടത്തുകയും ചെയ്തു. ഇതിന്റെ മറവിൽ എംഎൽഎയും അനുയായികളും രണ്ട് എസ്യുവികളിൽ കയറി രക്ഷപ്പെട്ടു.
എംഎൽഎ രക്ഷപ്പെട്ട വാഹനം തടയാൻ ശ്രമിച്ച പോലീസുകാരനു മറ്റൊരു വാഹനമിടിച്ചു പരിക്കേറ്റു. ഹർമീത് സിംഗ് എംഎൽഎയുടെ കൂട്ടാളി ബൽവിന്ദദർ സിംഗിനെ ആയുധങ്ങളുമായി പോലീസ് പിടികൂടി.
എംഎൽഎ രക്ഷപ്പെട്ട വാഹനം പിന്നീട് പോലീസ് പിടികൂടി. എന്നാൽ, മറ്റൊരു വാഹനത്തിൽ കയറി ഹർമീത് രക്ഷപ്പെട്ടു. സനൗർ മണ്ഡലത്തെയാണ് ഹർമീത് പ്രതിനിധീകരിക്കുന്നത്. സിറാക്പുർ സ്വദേശിനിയുടെ പരാതിയിലാണ് ഹർമീതിനെതിരേ കേസെടുത്തത്.