മകൾ കവിതയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്ത് കെസിആർ
Wednesday, September 3, 2025 2:06 AM IST
ഹൈദരാബാദ്: പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് മകൾ കെ. കവിതയെ ബിആർഎസിൽനിന്നു സസ്പെൻഡ് ചെയ്ത് കെ. ചന്ദ്രശേഖർ റാവു.
കവിതയുടെ പെരുമാറ്റവും പാർട്ടിവിരുദ്ധ നടപടികളും ബിആർഎസിനെ ദോഷകരമായി ബാധിച്ചെന്ന് പാർട്ടി നേതാക്കളായ ടി. രവീന്ദർ റാവു, സോമ ഭരത്കുമാർ എന്നിവർ ആരോപിച്ചു.
കലേശ്വരം പദ്ധതിയുടെ പേരിൽ ബിആർഎസ് നേതാക്കളും ബന്ധുക്കളുമായ ടി. ഹരീഷ് റാവു, ജെ. സന്തോഷ്കുമാർ എന്നിവർക്കെതിരേ തിങ്കളാഴ്ച കവിത രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
കെ. ചന്ദ്രശേഖർ റാവു മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച കലേശ്വരം പദ്ധതിയിലെ അഴിമതിയെക്കുറിച്ച് കോൺഗ്രസ് സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്നായിരുന്നു കവിതയുടെ വിമർശനം.