സിന്നര്‍ ഇന്‍; ഗൗഫ് ഔട്ട്
Wednesday, September 3, 2025 2:45 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മുന്നേറ്റവും അട്ടിമറിയും. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ഇറ്റയിലുടെ യാനിക് സിന്നര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ വനിതാ സിംഗിള്‍സില്‍ മൂന്നാം റാങ്കുകാരിയായ കൊക്കൊ ഗൗഫ് പ്രീക്വാര്‍ട്ടറില്‍ അട്ടിമറിയിലൂടെ ഔട്ടായി.
പുരുഷ സിംഗിള്‍സില്‍ 15-ാം സീഡായ റഷ്യയുടെ ആന്ദ്രെ റുബ്ലെവ്, വനിതാ 9-ാം സീഡായ എലെന റെബാകിന എന്നിവരും പ്രീക്വാര്‍ട്ടറില്‍ പുറത്ത്.
കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ലിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് യാനിക് സിന്നര്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-1, 6-1, 6-1. സ്പെയിനിന്റെ ജൗമെ മുനാറിനെ കീഴടക്കി ഇറ്റലിയുടെ 10-ാം സീഡായ ലോറെന്‍സോ മുസെറ്റിയും ക്വാര്‍ട്ടറില്‍ കടന്നു. സ്കോര്‍: 6-3, 6-0, 6-1. ക്വാര്‍ട്ടറില്‍ സിന്നറാണ് മുസെറ്റിയുടെ എതിരാളി.
സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച്, ഓസ്ട്രേലിയയുടെ ഡി മിനൗര്‍ തുടങ്ങിയവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്റെ എതിരാളി അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സ് ആണ്.
ഗൗഫിനെ വീഴ്ത്തിയ ഒസാക്ക
മൂന്നാം സീഡായ കൊക്കൊ ഗൗഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു വീഴ്ത്തിയത് ജാപ്പനീസ് താരം നവോമി ഒസാക്കയാണ്. സ്കോര്‍: 6-2, 6-2. രണ്ടാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് നേരിട്ടുള്ള സെറ്റുകള്‍ക്ക് റഷ്യയുടെ എകറ്റെറിന അലക്സാഡ്രോവയെ കീഴടക്കി ക്വാര്‍ട്ടറിലെത്തി.
സ്കോര്‍: 6-3, 6-1. ചെക് താരം മാര്‍കെറ്റ വോന്ഡ്രൂസോവയാണ് ഒമ്പതാം സീഡായ എലെന റെബാകിനയെ മൂന്നു സെറ്റ് നീണ്ട പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. സ്കോര്‍: 6-4, 5-7, 6-2.
മൂന്നാം റൗണ്ടില്‍ ഏഴാം സീഡായ ഇറ്റലിയുടെ പൗളിനിയെയും അട്ടിമറിച്ച വോന്ഡ്രൂസോവയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളി ലോക ഒന്നാം നമ്പറായ അരീന സബലെങ്കയാണ്.