കൃഷ്ണപ്രസാദിന് സെഞ്ചുറി
Wednesday, September 3, 2025 2:45 AM IST
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20യുടെ രണ്ടാം സീസണിൽ അദാനി ട്രിവാൻഡ്രം റോയൽസിന് രണ്ടാം ജയം. തങ്ങളുടെ ഒന്‍പതാം മത്സരത്തിൽ ട്രിവാൻഡ്രം 17 റണ്‍സിന് തൃശൂർ ടൈറ്റൻസിനെ തോൽപ്പിച്ചു.
ക്യാപ്റ്റൻ കൃഷ്ണപ്രസാദിന്റെ സെഞ്ചുറിയാണ് ട്രിവാൻഡ്രത്തിനു ജയം സമ്മാനിച്ചത്. 62 പന്തിൽ 10 സിക്സും ആറ് ഫോറും അടക്കം കൃഷ്ണപ്രസാദ് 119 റണ്‍സ് നേടി. സ്കോർ: ട്രിവാൻഡ്രം 20 ഓവറിൽ 201/5. തൃശൂർ 20 ഓവറിൽ 184/8.
മൂന്നാം സെഞ്ചുറി
കെസിഎൽ സീസണ് രണ്ടിലെ മൂന്നാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. നേരത്തേ തൃശൂരിന്റെ അഹമ്മദ് ഇമ്രാനും കൊച്ചിയുടെ സഞ്ജു സാംസനും സെഞ്ചുറി നേടിയിരുന്നു.
കൃഷ്ണപ്രസാദിനെ കൂടാതെ അബ്ദുൾ ബാസിത് (13 പന്തിൽ 28), റിയ ബഷീർ (12 പന്തിൽ 17) എന്നിവരും ട്രിവാൻഡ്രത്തിനായി തിളങ്ങി.
മറുപടിക്ക് ഇറങ്ങിയ തൃശൂരിന്റെ ടോപ് സ്കോറർ എട്ടാം നന്പറായി ക്രീസിൽ എത്തിയ വിനോദ് കുമാർ (21 പന്തിൽ 41 നോട്ടൗട്ട് ) ആണ്. ട്രിവാൻഡ്രത്തിനായി ആസിഫ് സലാം മൂന്ന് വിക്കറ്റ് നേടി.