ചരിത്രമെഴുതി സാന്റാ മോണിക്ക ; ഒറ്റ ദിവസം 70 രാജ്യങ്ങളിലേക്ക് 1,760 വിനോദസഞ്ചാരികള്‍
Wednesday, September 3, 2025 2:06 AM IST
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍നിന്ന് 1760 വിനോദസഞ്ചാരികളെ ഒരൊറ്റ ദിവസം 70ലധികം രാജ്യങ്ങളിലേക്കു യാത്രയാക്കി റിക്കാര്‍ഡിട്ട് സാന്റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്.
ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും ഇടം നേടിയ ചരിത്രയാത്രയ്ക്കു മുന്നോടിയായി യാത്രികര്‍ സിയാല്‍ കൺവന്ഷന് സെന്ററില്‍ ഒത്തുകൂടിയ ദ ഗ്രാന്‍ഡ് ട്രാവല്‍ സാഗയും ലോകത്തിന് പുത്തന്‍ അനുഭവം.
ലോകയാത്രകളെക്കുറിച്ചുള്ള പരമ്പരാഗത യാത്രാസങ്കല്പങ്ങള് മാറ്റിയെഴുതാനുള്ള ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് സാന്റാ മോണിക്ക ഗ്രൂപ്പ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ പറഞ്ഞു.
പുതിയ രാജ്യങ്ങളെയും പുതിയ ഡെസ്റ്റിനേഷനുകളെയും നിരന്തരം യാത്രികര്‍ക്കായി പരിചയപ്പെടുത്തിയതുകൊണ്ടു കൂടിയാണ് ഒരൊറ്റ വിമാനത്താവളത്തില്‍നിന്ന് ഇത്രയധികം യാത്രക്കാരെ ഒരൊറ്റ ദിവസത്തിനുള്ളില്‍ അയയ്ക്കുന്ന ഈ ചരിത്രനേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സ് പ്രതിനിധി വിവേക് ആര്. നായരില്‍നിന്ന് സര്‍ട്ടിഫിക്കറ്റും മെഡലും ഡെന്നി തോമസ് ഏറ്റുവാങ്ങി. ഇന്നലെ പുലര്‍ച്ചെ 4.30ന് കൊച്ചിയില്‍നിന്നു ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള 32 യാത്രക്കാരില്‍ തുടങ്ങി ഇന്നു പുലര്‍ച്ചെ 2.10ന് ബാങ്കോക്കിലേക്കു പറന്ന തായ് ലയണ്‍ വിമാനത്തിലെ 89 യാത്രക്കാര്‍ വരെയാണു റിക്കാര്‍ഡില്‍ ഇടംപിടിച്ചത്.
ഇതിനുമുമ്പ് 2023 ജൂലൈയില്‍ 7236 വിദ്യാര്‍ഥികളെ ഒരൊറ്റ തവണയായി കാനഡയിലെ വിവിധ സര്വകലാശാലകളിലേക്കയച്ച റിക്കാര്‍ഡ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് നേടിയിരുന്നു.
സിയാല്‍ കണ്വന്ഷന് സെന്ററില്‍ ഒത്തുചേര്‍ന്ന യാത്രികര്‍ക്ക് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്, ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ജി. പ്രസന്നകുമാര്‍, മുന്‍ ജില്ലാ കളക്ടര്‍ എം.പി. ജോസഫ്, സാന്റാ മോണിക്ക സിഇഒ തനൂജ നായര്‍, ജയിംസ് മറ്റം, സാന്റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഡയറക്ടര്‍ ഐസക് ഫ്രാന്‍സിസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.