ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ വിപിൻദാസ് കടങ്ങോട്ടിന് ഇരട്ട രാജ്യാന്തര ബഹുമതി
Monday, September 1, 2025 11:31 PM IST
തൃശൂർ: സമൂഹനന്മയുണർത്തുന്ന പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയനായ ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിപിൻദാസ് കടങ്ങോട്ടിനു കാമൽ ഇന്റർനാഷണൽ എക്സലൻസ് അവാർഡും അറേബ്യൻ വേൾഡ് റിക്കാർഡ് അംഗീകാരവും.
ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസിന്റെ നേതൃത്വത്തിൽ നടന്ന 216 ആദിവാസിപെണ്കുട്ടികളുടെ സമൂഹവിവാഹവും മറ്റു സാമൂഹികസേവനങ്ങളുമാണ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ബഹുമതികൾക്കു വിപിൻദാസിനെ അർഹനാക്കിയത്.
ദുബായിലെ ക്വീൻ എലിസബത്ത് 2 കപ്പലിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ വിപിൻദാസ് കടങ്ങോട്ടിന് അവാർഡ് നൽകി.
ഷാർജ പോലീസ് മേജറായ മേജർ ഡോ. സാലെഹ് ജുമാ ബെൽഹാജ് അൽ മരാഷ്ദ, ഷേഖ് അമ്മാർ ബിൻ സാലിം അൽ ഖാസിമിയുടെ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടറും അഭിഭാഷകനുമായ അഡ്വ. ബദർ അബ്ദുള്ള കമ്മിസ്, എമിറാത്തി നടനായ അബ്ദുള്ള അൽ ജഫാലി, ഷാർജ കാമൽ റേസിംഗ് ക്ലബ് ചെയർമാനും ഷാർജ രാജകുടുംബാംഗവുമായ ഷെയ്ക്ക് മതാർ ബിൻ ഹുവൈദൻ അൽ കെത്ബി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.