രൂപയ്ക്ക് റിക്കാർഡ് താഴ്ച
Monday, September 1, 2025 11:31 PM IST
മുംബൈ: ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞ വെള്ളിയാഴ്ച ക്ലോസ് ചെയ്ത 88.09നേക്കാൾ ഒരു പൈസ താഴ്ന്ന് ഇന്നലെ 88.10 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
വെള്ളിയാഴ്ച രൂപ ആദ്യമായി ഒരു ഡോളറിന് 88 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വവും ഡോളറിന്റെ ഡിമാന്‍ഡ് ഉയർന്നതുമാണ് രൂപയ്ക്കു തിരിച്ചടിയായത്.
ഡോളറിനെതിരേ 88.18ൽ വ്യാപാരം തുടങ്ങിയ രൂപ 88.33 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. വൻ തകർച്ചയെ നേരിട്ട രൂപയെ ഇന്ത്യയുടെ ആഭ്യന്തര വിപണിയിൽ ഇന്നലെയുണ്ടായ കുതിപ്പ് രക്ഷിച്ചു. യുഎസ് ഉയർത്തിയിരിക്കുന്ന അധികതീരുവ ഇന്ത്യയുടെ വ്യാപാര കമ്മിയെക്കുറിച്ച് ആശങ്കൾ ഉയർത്തിയിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് 0.99 ശതമാനം ഉയർന്നാണ് വ്യാപാരം നടത്തുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) ഇന്ത്യൻ ഓഹരിവിപണികളിൽനിന്ന് തുടരുന്ന പിൻവാങ്ങലും രൂപയുടെ ഇടിവിനു കാരണമായി. വെള്ളിയാഴ്ച 8312.66 കോടി രൂപയുടെ നിക്ഷേപമാണ് എഫ്ഐഐകൾ പിൻവലിച്ചത്.