പച്ചതൊട്ട് ഓഹരിവിപണി
Monday, September 1, 2025 11:31 PM IST
മുംബൈ: തുടർച്ചയായ മൂന്നു ദിവസം ഇടിവ് രേഖപ്പെടുത്തിയ ഓഹരി സൂചികകൾ പുതിയ മാസത്തെ ആദ്യദിനംതന്നെ നേട്ടത്തിലേക്കു തിരിച്ചുവരവ് നടത്തി. സെൻസെക്സ് 555 പോയിന്റ് മുന്നേറിയപ്പോൾ നിഫ്റ്റി 24,600 പോയിന്റിനപ്പുറത്തെത്തി.
ഏപ്രിൽ-ജൂണ്‍ പാദത്തിലെ ജിഡിപി വളർച്ച 7.8 ശതമാനമായതിന്റെ തുടർച്ചയായണ് ഇന്നലെ വിപണിയിൽ കണ്ടത്. നിഫ്റ്റി ഓട്ടോ, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ഐടി, മെറ്റൽ സൂചികകളിൽ വാങ്ങൽ ഉയർന്നതാണ് നേട്ടത്തിനു കാരണമായത്.
സെൻസെക്സ് 554.84 (0.70%) ഉയർന്ന് 80,364.49ലും നിഫ്റ്റി 198.20 പോയിന്റ് (0.81%) നേട്ടത്തിൽ 24,625.05ലും വ്യാപാരം പൂർത്തിയാക്കി. വിശാല സൂചികകളും ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ബിഎസ്ഇ മിഡ്കാപ് 1.64 ശതമാനവും സ്മോൾകാപ് 1.49 ശതമാനവും നേട്ടത്തിലെത്തി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.97 ശതമാനവും 1.57 ശതമാനവും മുന്നേറി.
മേഖലാ സൂചികകളിൽ മീഡിയയും ഫാർമയും ഒഴികെയുള്ള സൂചികകളിൽ ഇന്നലെ ലാഭത്തിലെത്തി. നിഫ്റ്റി ഓട്ടോ സൂചിക 2.8 ശതമാനവും കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചിക 2.08 ശതമാനവും നേട്ടം രേഖപ്പെടുത്തി. കന്പനികളുടെ വരുമാനം പ്രതീക്ഷിച്ചതിലും മികച്ചതായതാണ് ഓട്ടോ ഓഹരികൾക്കു നേട്ടമായത്.
നേട്ടത്തിനു കാരണങ്ങൾ ജിഡിപി വളർച്ച
നടപ്പു സാന്പത്തികവർഷം ഏപ്രിൽ - ജൂണ്‍ പാദത്തിൽ ഇന്ത്യൻ സന്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനപ്പുറമുള്ള വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ പാദത്തിലെ 7.8 വളർച്ച കഴിഞ്ഞ അഞ്ചു പാദങ്ങളിലെക്കാളും ഉയർന്നു. ആർബിഐ അനുമാനിച്ച 6.5നേക്കാൾ ഉയർച്ചയാണുണ്ടായത്.
വാഹനങ്ങളുടെ വിൽപ്പന ഉയർന്നു
ഓഗസ്റ്റിൽ മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഹ്യുണ്ടായി ഉൾപ്പെടെ പല കന്പനികളുടെയും വാഹനവിൽപ്പന പ്രതീക്ഷിച്ചതിലും വർധിച്ചു.
അധികതീരുവ നിയമവിരുദ്ധമെന്ന് കോടതി വിധി
യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധികതീരുവ നിയമവിരുദ്ധമെന്ന് ഫെഡറൽ കോടതിയുടെ അഭിപ്രായം. അതേസമയം, അധികതീരുവ റദ്ദാക്കാൻ കോടതി തയാറായില്ല. സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നു ട്രംപ് ഭരണകൂടം അറിയിച്ചതോടെ ഒക്ടോബർ 14 വരെ വിധി മരവിപ്പിച്ചതായി ഫെഡറൽ കോടതി പറയുകയായിരുന്നു.
ചൈനയിൽ നടന്ന എസ്സിഒ ഉച്ചകോടി
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷകൾ.