2000 രൂപ നോട്ടുകളിൽ 98.33 ശതമാവും തിരികെയെത്തി
Tuesday, September 2, 2025 10:30 PM IST
കൊല്ലം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചതിനുശേഷവും തിരിച്ചെത്താനുള്ളത് 5,956 കോടിയുടെ 2000 രൂപ നോട്ടുകള്‍. ബാങ്കിന്റെ 2025 ഓഗസ്റ്റ് 31ലെ കണക്കുകള്‍ പ്രകാരം 98.33 ശതമാനം നോട്ടുകളും തിരികെയെത്തി.
2023 മേയ് 19നാണ് രാജ്യത്ത് 2000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞ 31 വരെ 5,956 കോടിയായി ചുരുങ്ങിയത്. 2023 മേയ് 19 മുതല്‍ ഈ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളില്‍ ലഭ്യമാണ്.
2023 ഒക്ടോബര്‍ ഒമ്പത് മുതല്‍ ഈ ഓഫീസുകള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നോട്ടുകളുടെ നിക്ഷേപം സ്വീകരിക്കലും ആരംഭിച്ചു. ഇത് കൂടാതെ വ്യക്തികള്‍ക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യ പോസ്റ്റ് വഴി 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ ഇഷ്യൂ ഓഫീസുകളിലേക്ക് അയച്ച് അവരുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റും ചെയ്യാം.
അഹമ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഗുവഹാത്തി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാണ്‍പുര്‍, കോല്‍ക്കത്ത, ലക്നൗ, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി , പാറ്റ്ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റിസര്‍വ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.