ക്രാഫ്റ്റ് ഹെയ്ൻസ് രണ്ടാകുന്നു
Tuesday, September 2, 2025 10:30 PM IST
ന്യൂയോർക്ക്: അമേരിക്കൻ പാക്കേജ്ഡ് ആഹാര നിർമാതാക്കളായ ക്രാഫ്റ്റ് ഹെയ്ൻസ് രണ്ടു പൊതു ഓഹരി പങ്കാളിത്തമുള്ള കന്പനികളായി വിഭജിക്കപ്പെടുമെന്ന് കന്പനി പ്രഖ്യാപിച്ചു.
ഒരു കന്പനി സോസ് ബിസിനസിലും മറ്റൊന്ന് പലചരക്ക് സാധനങ്ങളുടെ മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കന്പനി അറിയിച്ചു. കന്പനി ഒരു വർഷമായി തുടരുന്ന മോശം പ്രകടനമാണ് വിഭജനത്തിലെത്തിച്ചത്.
ഗ്ലോബൽ ടേസ്റ്റ് എലവേഷൻ കന്പനി എന്നു വിളിക്കപ്പെടുന്ന ഒന്നിൽ ഹെയ്ൻസ്, ഫിലാഡൽഫിയ, ക്രാഫ്റ്റ് മാക് ആൻഡ് ചീസ് തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടും. നോർത്ത് അമേരിക്കൻ ഗ്രോസറി കന്പനി എന്നു വിളിക്കപ്പെടുന്ന മറ്റൊന്നിൽ ഓസ്കർ മേയർ, ക്രാഫ്റ്റ് സിംഗിൾസ്, ലഞ്ചബിൾസ് ലേബലുകൾ എ്ന്നിവ ഉൾപ്പെടുന്നു.
2024ൽ സോസ് യൂണിറ്റ് ഏകദേസം 15.4 ബില്യണ്‍ ഡോളറിന്റെ വിൽപ്പന നേടി. ഗ്രോസറി ബിസിനസ് ഏകദേശം 10.4 ബില്യണ്‍ ഡോളറിന്റെ വിൽപ്പനയും നേടി.
2015ലാണ് ക്രാഫ്റ്റും ഹെയ്ൻസും ലയിച്ചത്. വാറൻ ബഫറ്റിന്റെ ബെർക്ഷെയർ ഹാത്ത്വേയും ബ്രസീലയൻ നിക്ഷേപക ഗ്രൂപ്പായ 3ജി ക്യാപ്പിറ്റൽസുമാണ് ഈ ലയനത്തിനു കാരണക്കാരായത്. ബെർക്ഷെയർ ഹാത്ത്വേയും 3ജി ക്യാപ്പിറ്റൽസും 2013ൽ 28 ബില്യണ്‍ ഡോളറിന് ഹെയ്ൻസ് പ്രൈവറ്റിനെ ഏറ്റെടുത്തു. 2015ൽ ഈ കന്പനികൾ ചേർന്ന് 63 ബില്യണ്‍ ഡോളറിന് ക്രാഫ്റ്റിനെയും ഏറ്റെടുത്തു.
ബ്രസീലിയൻ നിക്ഷേപക കന്പനിയുടെ ചെലവ് നിയന്ത്രണങ്ങൾ ക്രാഫ്റ്റ് ഹെയ്ൻസിനു മികച്ച വരുമാനം ഉറപ്പാക്കുമെന്നു കരുതി. എന്നാൽ കന്പനിക്ക് നഷ്ടത്തിന്റെ കണക്കുകളാണ് ഉണ്ടായത്. ക്രാഫ്റ്റ് ഹെയ്ൻസിന്റെ ചില പ്രധാന ബ്രാൻഡുകളോട് ഉപയോക്താക്കൾ മുഖംതിരിച്ചു. പല ബ്രാൻഡുകൾക്കും വിപണിവിഹിതം നഷ്ടമാകുകയും ചെയ്തു.
ക്രാഫ്റ്റ് ഹെയ്ൻസിന്റെ ഉത്പന്നങ്ങളുടെ വിൽപ്പന കുറയുന്ന സാഹചര്യത്തിലാണ് ഈ വേർപിരിയൽ. സാധനങ്ങളുടെ വിലക്കയറ്റവും സംസ്കരിച്ച ഭക്ഷണത്തോട് ഉപയോക്താക്കളുടെ അഭിരുചി കുറഞ്ഞതും വേർപിരിയലിനിടയാക്കി.