രൂപയ്ക്ക് ഇടിവ്
Friday, September 5, 2025 2:18 AM IST
മുംബൈ: ഡോളറിനെതിരേ രൂപയ്ക്കു വീണ്ടും നഷ്ടം. ബുധനാഴ്ച യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 13 പൈസ ഉയർന്ന് 88.02ൽ എത്തി. എന്നാൽ, ഇന്നലെ വീണ്ടും രൂപയ്ക്ക് ഇടിവ് നേരിട്ടു. 12 പൈസ നഷ്ടത്തോടെ 88.14ൽ (താത്കാലികം) വ്യാപാരം പൂർത്തിയാക്കി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളർ ആവശ്യകത ശക്തിപ്പെട്ടതുമാണ് രൂപയെ നഷ്ടത്തിലേക്കെത്തിച്ചത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിലുണ്ടായ നേട്ടം രൂപയ്ക്കു നിലനിർത്താനായില്ല.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 88.09ലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടിത് 87.85-88.19 എന്ന റേഞ്ചിൽ വ്യാപാരം നടത്തി.
ഡോളർ സൂചിക ആറു കറൻസികളുടെ കൂട്ടത്തിനെതിരേ 0.08 ശതമാനം ഉയർന്ന് 98.21ലെത്തി.
ബ്രെന്റ് ക്രൂഡ് 1.07 ശതമാനം താഴ്ന്ന് ഒരു വീപ്പയ്ക്ക് 66.88 ഡോളറിലാണ് വ്യാപാരം.
ആഭ്യന്തര ഓഹരി സൂചികയിൽ സെൻസെക്സ് 150.30 പോയിന്റ് ഉയർന്ന് 80,718.01ലും നിഫ്റ്റി 19.25 പോയിന്റ് ഉയർന്ന് 24,734.30ലുമെത്തി.
എക്സ്ചേഞ്ച് ഡേറ്റപ്രകാരം ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് ബുധനാഴ്ച 1666.46 കോടി രൂപയുടെയും ഇന്നലെ106.34 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.