ധാതുക്കളുടെ വേർതിരിക്കലിന് 1,500 കോടിയുടെ പദ്ധതിക്ക് അംഗീകാരം
Thursday, September 4, 2025 12:41 AM IST
ന്യൂഡൽഹി: രാജ്യത്തെ ബാറ്ററി, ഇ-മാലിന്യങ്ങളുടെ പുനരുപയോഗത്തിലൂടെ നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുന്നതിനുള്ള 1,500 കോടി രൂപയുടെ പ്രോത്സാഹനപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി.
ഇ-മാലിന്യങ്ങൾ, ലിഥിയം അയണ്‍ ബാറ്ററി മാലിന്യം, മറ്റു സ്ക്രാപ്പുകൾ, കാലാവധി കഴിഞ്ഞ വാഹനങ്ങളിലെ കാറ്റലറ്റിക് കണ്‍വർട്ടറുകൾ എന്നിവയുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാൻ പദ്ധതി സഹായകമാകും. 2025-26 സാന്പത്തികവർഷം മുതൽ 2031 സാന്പത്തികവർഷം വരെ ആറു വർഷമാണ് പദ്ധതിയുടെ കാലാവധി. നിർണായക ധാതുക്കളുടെ ആഭ്യന്തരശേഷി, വിതരണശൃംഖലയുടെ പ്രതിരോധശേഷി എന്നിവയ്ക്കായുള്ള നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ (എൻസിഎംഎം) ഭാഗമാണു പദ്ധതി.
സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള റീസൈക്ലിംഗ് യൂണിറ്റുകൾക്കും നിലവിലുള്ളവയുടെ ശേഷി വികസനം, ആധുനികവത്കരണം, വൈവിധ്യവത്കരണം എന്നിവയ്ക്കെല്ലാം പദ്ധതി ബാധകമാകും. പ്ലാന്റ്, യന്ത്രങ്ങൾ, ഉപകരണങ്ങൾ, അനുബന്ധ കാര്യങ്ങൾ എന്നിവയ്ക്കു 20 ശതമാനം മൂലധനസബ്സിഡി ലഭിക്കും. പിന്നീട് കുറഞ്ഞ സബ്സിഡി തുടരും. വലിയ സ്ഥാപനങ്ങൾക്ക് 50 കോടി രൂപയും ചെറുകിട സ്ഥാപനങ്ങൾക്ക് 25 കോടി രൂപയുമാകും മൊത്തം സഹായം. നിർണായക ധാതുക്കളുടെ വേർതിരിച്ചെടുക്കലിൽ ഉൾപ്പെട്ടിരിക്കുന്ന പുനരുപയോഗ മൂല്യ ശൃംഖലയെ ശക്തിപ്പെടുത്തുകയാണു ലക്ഷ്യം.
പദ്ധതിവഴി 270 കിലോ ടണ്‍ വാർഷിക പുനരുപയോഗശേഷി ഉണ്ടാകുമെന്നും അതിന്റെ ഫലമായി ഏകദേശം 40 കിലോ ടണ്‍ വാർഷിക നിർണായക ധാതു ഉത്പാദനം ഉണ്ടാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ഏകദേശം 8,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും നേരിട്ടും പരോക്ഷവുമായ 70,000ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.
പര്യവേക്ഷണം, ലേലം, ഖനി പ്രവർത്തനം, വിദേശ ആസ്തികൾ ഏറ്റെടുക്കൽ എന്നിവയുൾപ്പെടുന്ന നിർണായക ധാതു മൂല്യ ശൃംഖലയ്ക്ക് ഇന്ത്യയിലെ വ്യവസായങ്ങൾക്ക് നിർണായക ധാതുക്കൾ വിതരണം ചെയ്യാനെടുക്കുന്ന കാലതാമസം മറികടക്കാൻ പുതിയ പദ്ധതി ഉപകരിക്കുമെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.