സെമികോണ്‍ ഇന്ത്യ 2025ൽ കേരളത്തിലെ ഐടി സംഘം
Friday, September 5, 2025 2:13 AM IST
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സെമികണ്ടക്ടർ കേന്ദ്രമായി സംസ്ഥാനത്തെ ഉയർത്താനുള്ള സാധ്യതകൾ അവതരിപ്പിച്ച് ന്യൂഡൽഹിയിൽ നടന്ന ’സെമികോണ്‍ ഇന്ത്യ 2025 കോണ്‍ക്ലേവിൽ’ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഐടി പ്രതിനിധി സംഘം. മേഖലയിലെ നവീകരണവും പ്രാഗത്ഭ്യവും തന്ത്രപരമായ സഹകരണങ്ങളും വികസിപ്പിച്ചെടുക്കുന്നതിൽ സംസ്ഥാനത്തിനുള്ള ആഭിമുഖ്യം സംഘം പ്രകടിപ്പിച്ചു.
ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയിൽ ഇന്ത്യയെ വിശ്വസ്ത പങ്കാളിയാക്കുക എന്നതായിരുന്നു രാജ്യതലസ്ഥാനത്തെ യശോഭൂമിയിൽ നടന്ന നാലാം പതിപ്പിന്റെ ലക്ഷ്യം.
ആഗോള നേതാക്കൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് രംഗത്തെ പ്രതിനിധികൾ, നവീന ആശയങ്ങളുള്ളവർ, നയരൂപകർത്താക്കൾ എന്നിവർ ഒത്തുചേർന്ന് രാജ്യത്തെ സെമികണ്ടക്ടർ മേഖലയുടെ ഭാവി കോണ്‍ക്ലേവിൽ ചർച്ച ചെയ്തു.
ഇന്നറ്റെറ, സെയിന്റ്ഗോബെയ്ൻ, അപ്ലൈഡ് മെറ്റീരിയൽസ്, എഎംഡി, സിറാൻ എഐ സൊല്യൂഷൻസ്, എച്ച്ടിഎൽ ബയോഫാർമ, ഹണിവെൽ, മൈക്രോണ്‍ ആൻഡ് ലാം റിസർച്ച് തുടങ്ങിയ ആഗോള പ്രമുഖമായ ഡീപ്ടെക് കന്പനികളുമായി പ്രതിനിധി സംഘം ചർച്ച നടത്തി.ഇന്ത്യ സെമികണ്ടക്ടർ മിഷനും ആഗോള സെമികണ്ടക്ടർ വ്യവസായ സംഘടനയായ സെമിയും ചേർന്നാണ് സെമികോണ്‍ ഇന്ത്യ 2025 സംഘടിപ്പിച്ചത്.