ലിസ്ബണിൽ ട്രാം പാളംതെറ്റി 16 പേർ മരിച്ചു
Friday, September 5, 2025 3:06 AM IST
ലിസ്ബൺ: പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിന്റെ മുഖമുദ്രയായി വിലയിരുത്തപ്പെടുന്ന ഗ്ലോറിയ ഫുനിക്കുലർ റെയിൽവേ ട്രാം കാർ (വൈദ്യുതി ഉപയോഗിച്ച് ട്രാക്കിലോടുന്ന യാത്രാ വണ്ടി) അപകടത്തിൽപ്പെട്ട് 16 പേർ മരിക്കുകയും 21 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ചയായിരുന്നു അപകടം. മരിച്ചവരിലും പരിക്കേറ്റവരിലും വിദേശികൾ ഉൾപ്പെടുന്നു.
ഇറക്കം ഇറങ്ങിവരുകയായിരുന്ന വണ്ടിയുടെ കേബിൾ പൊട്ടിയതും തുടർന്ന് ബ്രേക്കിടാൻ കഴിയാതിരുന്നതുമാണ് അപകടത്തിനു കാരണം. വളവിൽവച്ച് പാളംതെറ്റിയ വണ്ടി ഒരു കെട്ടിടത്തിലിടിച്ച് തകർന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആംരഭിച്ചതായി പോർച്ചുഗീസ് അധികൃതർ അറിയിച്ചു. പ്രോട്ടോകോൾ അനുസരിച്ച് എല്ലാ ആഴ്ചയിലും അറ്റകുറ്റപ്പണികളും പരിശോധനകളും നടത്തിയിരുന്നുവെന്ന് ട്രാം കാറുകൾ പ്രവർത്തിപ്പിക്കുന്ന പൊതുഗതാഗത കന്പനിയായ കാരിസ് അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളെ ലിസ്ബൺ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ഗ്ലോറിയ റെയിൽവേ ആരംഭിച്ചത് 1885ലാണ്. വർഷം 30 ലക്ഷത്തിലധികം പേർ ഈ കാറുകളിൽ യാത്ര ചെയ്യുന്നു. ടൂറിസ്റ്റുകൾക്കും പ്രിയപ്പെട്ടതാണ്.
മരിച്ചവരിൽ ജർമൻ ടൂറിസ്റ്റുകളും ഉൾപ്പെടുന്നുവെന്നാണു റിപ്പോർട്ട്. പരിക്കേറ്റവരിൽ സ്പെയിൻ, ജർമനി, കാനഡ, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് രാജ്യക്കാരുമുണ്ട്.