കാമറ കണ്ണടയ്ക്കരുത്;പോലീസ് സ്റ്റേഷനുകളിൽ സിസിടിവി പ്രവർത്തനക്ഷമമല്ലാത്തതിനെതിരേ സുപ്രീംകോടതി
സ്വന്തം ലേഖകൻ
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: രാജ്യത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമാണെന്ന മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ സ്വമേധയാ പൊതുതാത്പര്യ ഹർജി രജിസ്റ്റർ ചെയ്തു സുപ്രീംകോടതി. പോലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിന് സിസിടിവികൾ സ്ഥാപിക്കാൻ 2018 ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ, ഈവർഷം എട്ടു മാസം പിന്നിടുന്പോൾ പോലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന മാധ്യമറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് വിഷയം പരിശോധിക്കാൻ ഉത്തരവിട്ടത്.
2020 ഡിസംബറിൽ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയുൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിൽ സിസിടിവി കാമറകളും റിക്കാർഡിംഗ് ഉപകരണങ്ങളും സ്ഥാപിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോടു നിർദേശിച്ചിരുന്നു.
പോലീസ് സ്റ്റേഷനുകളിലെ എല്ലാ ഭാഗത്തുനിന്നുള്ള പ്രവേശ, എക്സിറ്റ് പോയിന്റുകൾ, പ്രധാന ഗേറ്റുകൾ, ലോക്കപ്പുകൾ, ഇടനാഴികൾ, ലോബികൾ, സ്വീകരണമുറികൾ, ലോക്കപ്പിനു പുറത്തുള്ള സ്ഥലങ്ങൾ എന്നിങ്ങനെ ഒരു പോലീസ് സ്റ്റേഷന്റെ ഏകദേശം എല്ലാ ഭാഗവും സിസിടിവി കാമറകളാൽ നിരീക്ഷണത്തിലായിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യം കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും സ്ഥാപിക്കുന്ന സിസിടിവി കാമറകൾ രാത്രി കാഴ്ച സംവിധാനമുള്ളവയാകണം. ഓഡിയോ, വീഡിയോ സംവിധാനം പ്രവർത്തിക്കണം. കാമറകളിൽ ഡാറ്റ കുറഞ്ഞത് ഒരുവർഷത്തേക്കു സൂക്ഷിക്കുന്നതിനുള്ള സംവിധാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഉത്തരവ് പലയിടത്തും വേണ്ടവിധത്തിൽ പാലിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് സുപ്രീംകോടതിയുടെ നടപടി.
തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ എസ്ഐയുടെ നേതൃത്വത്തിൽ യുവാവിനെ തല്ലിച്ചതയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ ബുധനാഴ്ച പുറത്തുവന്നിരുന്നു. രണ്ടു വർഷത്തെ വിവരാവകാശ പോരാട്ടത്തിനുശേഷം പുറത്തുവന്ന ദൃശ്യങ്ങൾ ഏറെ വിവാദമായിരിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി നടപടി ഏറെ പ്രാധാന്യമർഹിക്കുന്നു.