കിമ്മിന്റെ സാന്നിധ്യം തുടച്ചുനീക്കി
Friday, September 5, 2025 3:06 AM IST
ബെയ്ജിംഗ്: ചൈന സന്ദർശിച്ച ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയ മുറി കിമ്മിന്റെ ജീവനക്കാർ അതീവശ്രദ്ധയോടെ വൃത്തിയാക്കുന്ന വീഡിയോ പുറത്തുവന്നു.
കിമ്മിന്റെ വിരലടയാളമോ, ഡിഎൻഎ ലഭ്യമാകുന്ന ത്വക് അവശിഷ്ടങ്ങളോ വിദേശചാരന്മാർക്കു ലഭിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇതെന്നു പറയുന്നു.
ബെയ്ജിംഗിൽ പുടിനുമായി കുടിക്കാഴ്ച പൂർത്തിയായ ഉടൻതന്നെ കിമ്മിന്റെ ഉദ്യോഗസ്ഥർ വൃത്തിയാക്കൽ ആരംഭിച്ചു. റഷ്യൻ മാധ്യമപ്രവർത്തകൻ അലക്സാണ്ടർ യുനാഷേവ് ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. കിം ഇരുന്ന കസേരയും ഉപയോഗിച്ച മേശയും അതീവ ശ്രദ്ധയോടെ തുടച്ചു. കിം ഉപയോഗിച്ച ഗ്ലാസ് നീക്കം ചെയ്തു.
കിമ്മിന്റെ സാന്നിധ്യം തെളിയിക്കുന്ന അവശിഷ്ടങ്ങളെല്ലാം ജീവനക്കാർ നശിപ്പിച്ചുവെന്നാണ് അലക്സാണ്ടർ യുനാഷേവ് പറഞ്ഞത്. കിം ജോംഗ് ഉൻ വിദേശപര്യടന വേളകളിൽ സ്വന്തം ടോയ്ലെറ്റ് വരെ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്.