പുടിനെയും കിമ്മിനെയും കൂട്ടുപിടിച്ച് യുഎസിനെതിരേ ഷിയുടെ ഗൂഢാലോചന: ട്രംപ്
Thursday, September 4, 2025 2:35 AM IST
വാഷിംഗ്ടൺ ഡിസി: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, റഷ്യൻ പ്രസിഡന്റ് പുടിനുമായും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായും ചേർന്ന് അമേരിക്കയ്ക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ബെയ്ജിംഗിലെ വിക്ടറി ഡേ പരേഡിനു പിന്നാലെയായിരുന്നു ട്രംപിന്റെ പരാമർശം.
രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനയുടെ വിജയത്തിനും മഹത്വത്തിനും വേണ്ടി ധാരാളം അമേരിക്കൻ സൈനികർ മരിച്ചിട്ടുണ്ട്. അമേരിക്കൻ സൈനികരുടെ ത്യാഗത്തിനും ധൈര്യത്തിനും അർഹമായ ആദരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ചൈനയും സഖ്യകക്ഷികളും ചേർന്ന് അമേരിക്കയ്ക്കെതിരേ ആഗോളസഖ്യം രൂപവത്കരിക്കാൻ ശ്രമിക്കുകയാണെന്നു കരുതുന്നില്ലെന്ന് ട്രംപ് മറ്റൊരവസരത്തിൽ പറഞ്ഞു.
ചൈനയ്ക്ക് അമേരിക്കയെ ആവശ്യമുണ്ട്. റഷ്യയും ചൈനയും ചേർന്ന് അച്ചുതണ്ട് രൂപവത്കരിക്കുന്നതിൽ അമേരിക്കയ്ക്ക് ഉത്കണ്ഠയില്ല. അലാസ്ക ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് പുടിൻ നിരാശപ്പെടുത്തിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.