ഷോപ്പിംഗ് മാളിലെ ഏറ്റവും വലിയ ഓണത്തപ്പന്: കോട്ടയം ലുലുമാളിന് ലോക റിക്കാര്‍ഡ്
Friday, September 5, 2025 2:13 AM IST
കോട്ടയം: ജില്ലയ്ക്ക് ലോകറിക്കാര്ഡെന്ന പൊന്നോണസമ്മാനവുമായി കോട്ടയം ലുലു മാള്‍. കേരളത്തിന്റെ സാംസ്കാരികപൈതൃകം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചാണു കോട്ടയം ലുലുമാള്‍ ലോക റിക്കാര്‍ഡ് കരസ്ഥമാക്കിയത്.
ഷോപ്പിംഗ് മാളില്‍ നിര്‍മിച്ച ഏറ്റവും വലിയ ഓണത്തപ്പനാണ് വേള്‍ഡ് റിക്കോര്‍ഡ്സ് യൂണിയന്റെ അംഗീകാരം ലഭിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഓണത്തപ്പന്, കോട്ടയം ലുലു മാളിലെത്തുന്ന ഉപഭോക്താക്കളുടെയും സന്ദര്‍ശകരുടെയും നാട്ടുകാരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
വിവിധ അളവുകളിലുള്ള അഞ്ച് ഓണത്തപ്പന്മാരുടെ രൂപങ്ങളാണ് കേരളീയ പാരമ്പര്യത്തിനു യോജിച്ച രീതിയില്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രദര്ശനമാനദണ്ഡങ്ങള് പാലിച്ച്, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കിയാണ് രൂപങ്ങളുടെ നിര്‍മാണം. കോട്ടയം ലുലുമാള്‍ റീട്ടെയില്‍ ജനറല്‍ മാനേജര്‍ നിഖിന്‍ ജോസഫ്, വേള്‍ഡ് റിക്കാര്‍ഡ്സ് യൂണിയന് അഡ്ജൂഡിക്കേറ്റര്‍ നിഖില്‍ ചിന്തക്കില്നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
റിക്കാര്‍ഡ് നേട്ടത്തിനപ്പുറം, ഓണത്തിന്റെ സാംസ്കാരികസാരാംശം വിളിച്ചോതുന്ന പ്രദര്‍ശനംകൂടിയാണ് കോട്ടയം ലുലു മാളില്‍ സ്ഥാപിച്ചിരിക്കുന്ന ഓണത്തപ്പന്മാരുടെ രൂപങ്ങള്‍. കേരളത്തിന്റെ സാംസ്കാരികപൈതൃകം ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണു വലിയ ഓണത്തപ്പന്മാരെ നിര്‍മിച്ചതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജോയ് ഷഡാനന്ദന് അറിയിച്ചു. ഓണാഘോഷകാലത്തുടനീളം കോട്ടയം ലുലുമാളില്‍ ലോക റിക്കാര്‍ഡ് സൃഷ്ടിച്ച ഓണത്തപ്പന്മാര് പ്രദര്‍ശനത്തിനുണ്ടാകും. ഓണം കഴിയുന്നതുവരെ എല്ലാദിവസവും വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങളും അരങ്ങേറും.