റാപ്പര്‍ വേടനെ ചോദ്യം ചെയ്തു
Wednesday, September 10, 2025 2:20 AM IST
കൊച്ചി: പീഡനക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിയെ പോലീസ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പത്തോടെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായ വേടനെ ആറു മണിക്കൂറിലധികം ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
ഇന്നു വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണു വേടൻ ചോദ്യംചെയ്യലിനു ഹാജരായത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം രേഖപ്പെടുത്തിയ മൊഴികളുടെയും ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. പരാതിക്കു പിന്നാലെ ഒളിവില്‍പ്പോയ വേടന്റെ വീട്ടിലടക്കം പോലീസ് പരിശോധന നടത്തിയിരുന്നു.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറാണു കേസിലെ പരാതിക്കാരി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം ചെയ്യാതെ ഒഴിവാക്കിയെന്നുമാണ് പരാതി. തങ്ങൾ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
“അന്വേഷണവുമായി സഹകരിക്കും”
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ സംസാരിക്കാനില്ലെന്ന് വേടന് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. അതു തന്റെ കടമയാണ്. കേസ് പൂര്‍ണമായി തീര്‍ന്നശേഷം തന്റെ ഭാഗം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ എവിടെയും ഒളിച്ചോടില്ലെന്നും ജനങ്ങള്‍ക്കുമുന്നില്‍ ജീവിച്ചുമരിക്കാനാണു തന്റെ തീരുമാനമെന്നും കഴിഞ്ഞദിവസം കോന്നിയില്‍ നടന്ന സംഗീതപരിപാടിയില്‍ വേടന് പറഞ്ഞിരുന്നു.