ഏഷ്യ കപ്പിൽ ഇന്ത്യ x യുഎഇ മത്സരം രാത്രി 8.00ന്
Wednesday, September 10, 2025 12:18 AM IST
ദുബായ്: ഒരൊറ്റ ചോദ്യം മാത്രം; ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഉണ്ടാകുമോ...? ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇന്നലെ ഈ ചോദ്യം നേരിട്ടത് രസകരമായ മറുപടിയിലൂടെ. ചോദ്യകര്‍ത്താവിനോട് സൂര്യകുമാര്‍ പറഞ്ഞു: ഉത്തരം ഞാന്‍ മെസേജ് ആയി അയയ്ക്കാം. ഒരു കാര്യം ഉറപ്പിക്കാം, സഞ്ജുവിന് മികച്ച ഇടം നല്‍കും.
“നിങ്ങള്‍ സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ (ഓപ്പണിംഗ്) കളിപ്പിക്കൂ. അദ്ദേഹം നടത്തുന്ന കടന്നാക്രമണം മതി മത്സരം ജയിക്കാന്‍’’- രവിശാസ്ത്രിയുടെ വാക്കുകള്‍.
അതെ, 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിനൊട്ടാകെ അറിയേണ്ടത് സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉണ്ടോ എന്നതാണ്. ഈ ചോദ്യത്തിന് ആക്കം കൂടാന്‍ കാരണം ഞായറാഴ്ച സമാപിച്ച കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഓപ്പണറായെത്തി ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ ആറ് മത്സരങ്ങളില്‍ 368 സഞ്ജു സ്വന്തമാക്കിയെന്നതുതന്നെ.
ഗില്ലിന്റെ വരവ്
ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷം ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്‍ റോളില്‍ ഇന്ത്യയുടെ ട്വന്റി-20 ടീമില്‍ എത്തിയതാണ് സഞ്ജുവിന്റെ സ്ഥാനം ചോദ്യചിഹ്നത്തിലാക്കിയത്. ഗില്‍ ടോപ് ഓര്‍ഡറില്‍ ഇറങ്ങിയാല്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടിവരും. ഗില്‍-അഭിഷേക് ശര്‍മ ഓപ്പണിംഗ് ഇറങ്ങുന്നതോടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെത്തും. കാരണം, 6-7 നമ്പറില്‍ സഞ്ജുവിനേക്കാള്‍ ജിതേഷാണ് മികച്ചത്.
സഞ്ജു ഔട്ട്, ജിതേഷ് ഇന്‍?
ശുഭ്മാന്‍ ഗില്‍-അഭിഷേക് ശര്‍മ ഓപ്പണിംഗ് സഖ്യമാണെങ്കില്‍ മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായിരിക്കും എത്തുക. തുടര്‍ന്ന് അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍) എന്നതായിരിക്കാം ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ്.
ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ആക്രമണത്തില്‍ പങ്കാളിയാകുക അര്‍ഷദീപ് സിംഗ് ആയിരിക്കും. വരുണ്‍ ചക്രവര്ത്തിയായിക്കും ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നര്‍. സ്പിന്നര്‍ കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവെന്നു ചുരുക്കം.
ബുംറയ്ക്കും അര്‍ഷദീപിനും ഒപ്പം പേസ് ബൗളിംഗ് കൈകാര്യം ചെയ്യാന്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ട്. വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം അക്സര്‍ പട്ടേലും സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യും.അതായത് മൂന്നു സ്പെഷലിസ്റ്റ് ബൗളര്‍മാരും ഒരു സ്പിന്‍ ഓള്‍റൗണ്ടറും ഒരു പേസ് ഓള്‍റൗണ്ടറും അഞ്ച് ബാറ്റര്‍മാരും ചേരുന്നതായിരിക്കാം ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്.
കടലാസിലെ കണക്കുകൂട്ടല്‍ ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയുള്ള പ്ലേയിംഗ് ഇലവനു സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും ശ്രമിക്കുമോ എന്നറിയാന്‍ ടീം പ്രഖ്യാപനംവരെ കാത്തിരിക്കാം...