നീലക്കടുവകൾ; ക്യാപ്റ്റൻ സാലി സാംസണിന്റെ കൈയൊപ്പില്‍ കൊച്ചിക്ക് കിരീടം
തോമസ് വര്‍ഗീസ്
Monday, September 8, 2025 1:50 AM IST
കാര്യവട്ടം: ക്യാപ്റ്റന്റെ കൈയൊപ്പില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് കെസിഎല്ലിൽ കന്നിക്കിരീടം. കേരള ക്രിക്കറ്റ് ലീഗ് കലാശപ്പോരാട്ടത്തില്‍ ക്യാപ്റ്റന്‍ സാലി സാംസണ് നിര്‍ണായക ഘട്ടത്തില്‍ നേടിയ രണ്ടു വിക്കറ്റുകളുടെയും മൂന്ന് ഉജ്ജ്വല ക്യാച്ചുകളുടെയും പിന്‍ബലത്തില്‍ കൊല്ലം സെയ്ലേഴ്സിനെ തകര്‍ത്ത് കൊച്ചി ബ്ലൂ ടൈഗേഴസ് ചാമ്പ്യന്മാരായി.
182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തെ 106 റണ്‍സിന് ഒതുക്കി, 75 റൺസ് ജയം സ്വന്തമാക്കിയാണ് കൊച്ചി കിരീടത്തില്‍ മുത്തമിട്ടത്. വിനൂപ് മനോഹന്റെ അര്‍ധസെഞ്ചുറിയും (30 പന്തില്‍ 70)പി.എസ്. ജെറിന്റെ മൂന്നു വിക്കറ്റ് നേട്ടവും കൊച്ചിയുടെ കിരീടനേട്ടത്തിന് അടിത്തറയായി. വിനൂപ് മനോഹരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
സ്കോര്‍: കൊച്ചി 20 ഓവറില്‍ എട്ടിന് 181.
കൊല്ലം 16.3 ഓവറില്‍ 106.
ടോസ് നേടിയ കൊല്ലം കൊച്ചിയെ ബാറ്റിംഗിന് അയച്ചു. വിനൂപ് മനോഹര്‍ - വിപുല്‍ ശക്തി ഓപ്പണിംഗ് കൂട്ടുകെട്ട് മെല്ലെയാണ് സ്കോറിംഗ് ആരംഭിച്ചത്. ആദ്യ ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റണ്‍സ്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ വിപുല്‍ ശക്തിയെ (അഞ്ചു പന്തില്‍ ഒരു റണ്‍) പവന്‍രാജ് വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിന്റെ കൈയിലെത്തിച്ചു. തുടര്‍ന്ന് ക്യാപ്റ്റന്‍ സാലി സാംസൺ ബാറ്റിംഗിനിറങ്ങി. എന്നാല്‍, സാലിയെ കാഴ്ചക്കാരനാക്കി വിനൂപ് കൊല്ലത്തിന്റെ ബൗളര്‍മാരെ കണക്കിനു ശിക്ഷിച്ചു.
പവന്‍രാജ് എറിഞ്ഞ നാലാം ഓവറില്‍ കൊച്ചി നേടിയത് 21 റണ്‍സ്. 20 പന്ത് നേരിട്ട വിനൂപ് മനോഹരന് രണ്ട് സിക്സും എട്ട് ബൗണ്ടറിയും ഉള്‍പ്പെടെ 4. 3-ാം ഓവറില്‍ അര്‍ധസെഞ്ചുറി തികച്ചു. അഞ്ച് ഓവറില്‍ കൊച്ചിയുടെ സ്കോര്‍ 60 പിന്നിട്ടു. 30 പന്തില്‍ നിന്നും 70 റണ്‍സ് അടിച്ചു കൂട്ടിയ വിനൂപ് മനോഹരനെ എം.എസ്. അഖിലിന്റെ പന്തില്‍ അഭിഷേക് നായര്‍ മനോഹരമായ ക്യാച്ചെടുത്തു പുറത്താക്കി. നാലു സിക്സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വിനൂപിന്റെ 70 റണ്‍സ് ഇന്നിംഗ്സ്.
എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയില്‍ നിന്നും 12 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ചിന് 99 എന്ന നിലയിലേക്ക് കൊച്ചി തകര്‍ന്നു. സാലി സാംസൺ (12 പന്തില്‍ എട്ട് റണ്‍സ്), മുഹമ്മദ് ഷാനു (13 പന്തില്‍ 10 റണ്‍സ്), കെ.അജീഷ് (മൂന്ന് പന്തില്‍ പൂജ്യം) എന്നിവരാണ് പവലിയനിലേക്ക് മടങ്ങിയത്. 15-ാം ഓവറിലെ ആദ്യ പന്തില്‍ നിഖില്‍ തോട്ടത്തിനെ ഷറഫുദ്ദീന് (14 പന്തില്‍ 10 റണ്‍സ്) വത്സല്‍ ഗോവിന്ദിന്റെ കൈകളിലെത്തിച്ചു.
17-ാം ഓവറിലെ മൂന്നാം പന്തില്‍ ജോബിന് ജോബിയെ (എട്ട് പന്തില്‍ 12 റണ്‍സ് ) പവന്‍രാജ് സച്ചിന് ബേബിയുടെ കൈകളിലെത്തിച്ചു. മുഹമ്മദ് ആഷിക്ക് (ആറു പന്തില്‍ ഏഴു റണ്‍സ്) വേഗത്തില്‍ മടങ്ങിയെങ്കിലും വാലറ്റത്ത് ആല്‍ഫി ഫ്രാന്‍സിസ് നടത്തിയ ചെറുത്തു നില്പ് 18-ാം ഓവറില്‍ കൊച്ചിയുടെ സ്കോര്‍ 150 കടത്തി. അവസാന ഓവറുകളില്‍ ഒറ്റയാന്‍പോരാട്ടം നടത്തിയ ആല്‍ഫി ഫ്രാന്‍സീസ് പുറത്താവാതെ നേടിയ 47 റണ്‍സിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ കൊച്ചി 181 റണ്‍സെടുത്തു.
കൊല്ലത്തിനു വേണ്ടി പവന്‍രാജ്, ഷറഫുദ്ദീന് എന്നിവര്‍ രണ്ടു വീതം നേടി.182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് മൂന്ന് ഓവറിനുള്ളില്‍ ഓപ്പണര്‍മാരെ നഷ്ടമായി. ഒന്നാം ഓവറിലെ അവസാന പന്തില്‍ ഭരത് ജയസൂര്യയെയും (അഞ്ചു പന്തില്‍ ആറു റണ്‍സ്), മൂന്നാം ഓവറിലെ അവസാന പന്തില്‍ അഭിഷേക് നായരെയും സാലി സാംസൺ പുറത്താക്കി. സ്കോര്‍ 46-ല്‍ എത്തിയപ്പോള്‍ വത്സല്‍ ഗോവിന്ദിനെ (10 പന്തില്‍ 10 റണ്‍സ്) കെ.എ. ആസിഫിന്റെ പന്തില്‍ സാലി സാംസൺ മനോഹരമായി ക്യാച്ചെടുത്ത് പുറത്താക്കി. കൊല്ലത്തിന്റെ ബാറ്റിംഗ് നെടുന്തൂണായ ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ വിക്കറ്റ് ഏഴാം ഓവറിലെ മൂന്നാം പന്തില്‍ കെ. അജീഷ് പിഴുതു. 11 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത സച്ചിനെ അജീഷ് ക്ലീന്‍ ബൗള്‍ഡ് ആക്കി.
7.6-ാം ഓവറില്‍ എം.എസ്. അഖിലിനെ പി.എസ്. ജെറിന് സാലിയുടെ കൈകളിലെത്തിച്ചു. എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറു വിക്കറ്റ് നഷ്ടടത്തില്‍ 67 എന്ന നിലയില്‍. 9.4-ാം ഓവറില്‍ ഷറഫുദ്ദീനെ (ആറു പന്തില്‍ ആറു റണ്‍സ്) പി.എസ്. ജെറിന് ക്ലീന്‍ ബൗള്‍ഡ് ആക്കി. കെ.എം. ആസിഫിന്റെ പന്തില്‍ രാഹുല്‍ ശര്‍മ്മ (14 പന്തില്‍ അഞ്ച് റണ്‍സ്) എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി.
13 ഓവറില്‍ എട്ടിന് 86 എന്ന നിലയിലായി കൊല്ലം. വാലറ്റത്ത് എ.ജി. അമലും വിജയ് വിശ്വനാഥും ചേര്‍ന്ന് ചെറുത്തു നില്പ് നടത്തി. 15-ാം ഓവറില്‍ കൊല്ലം 100 റണ്‍സിലെത്തി. 16.2-ാം ഓവറില്‍ എ.ജി. അമലിനെ (എട്ടു പന്തില്‍ ഒരു റണ്‍) മുഹമ്മദ് ആഷിക്കിന്റെ പന്തില്‍ സാലി സാംസൺ ക്യാച്ചെടുത്ത് പുറത്താക്കി. തൊട്ടടുത്ത പന്തില്‍ എന്‍.എസ്. അജയഘോഷിന്റെ വിക്കറ്റും മുഹമ്മദ് ആഷിക്ക് പിഴുതു. കൊല്ലം 106ന് പുറത്ത്; കൊച്ചിക്ക് കേരള ക്രിക്കറ്റ് ലീഗ് 2025 സീസൺ കിരീടധാരണം.
പി.എസ്. ജെറിന് മൂന്നും സാലി സാംസൺ, മുഹമ്മദ് ആഷിക്ക്, കെ.എം. ആസിഫ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.