ഷ്യാങ്ടെക് ഔട്ട്
Friday, September 5, 2025 5:34 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ അട്ടിമറി ജയത്തിലൂടെ അമേരിക്കയുടെ അമാന്‍ഡ അനിസിമോവ സെമിയില്‍. രണ്ടാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്വാര്‍ട്ടറില്‍ അട്ടിമറിച്ചാണ് അനിസിമോവയുടെ മുന്നേറ്റം. സ്കോര്‍: 6-4, 6-3.
മറ്റൊരു സൂപ്പര്‍ ക്വാര്‍ട്ടറില്‍ 23-ാം സീഡായ ജപ്പാന്റെ നവോമി ഒസാക്ക 11-ാം സീഡായ ചെക് താരം കരോളിന മുചോവയെ തോല്‍പ്പിച്ച് സെമിയിലെത്തി. 6-4, 7-6 (7-3) നാണ് ഒസാക്ക ക്വാര്‍ട്ടര്‍ കടന്നത്. ഒസാക്കയും അനിസിമോവയും തമ്മിലാണ് സെമി. ആദ്യ സെമിയില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക നാലാം സീഡായ അമേരിക്കയുടെ ജെസിക്ക പെഗുലയെ നേരിടും.
സിന്നര്‍ സെമി
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ഇറ്റലിയുടെ യാനിക് സിന്നര്‍ അനായാസ ജയത്തോടെ സെമിയില്‍. ക്വാര്‍ട്ടറില്‍ നാട്ടുകാരനായ 10-ാം സീഡ് താരം ലോറെന്‍സോ മുസെറ്റിയെയാണ് സിന്നര്‍ കീഴടക്കിയത്. സ്കോര്‍: 6-1, 6-4, 6-2. ഓസ്ട്രേലിയയുടെ എട്ടാം സീഡായ അലകസ് ഡി മിനൗറിനെ അട്ടിമറിച്ച 25-ാം സീഡായ കാനഡയുടെ ഫെലിക്സ് ആണ് സെമിയില്‍ സിന്നറിന്റെ എതിരാളി.