ആർസിബി ദുരന്തത്തക്കുറിച്ച് വിരാട് കോഹ്ലി ‘ഹൃദയഭേദകം’
Wednesday, September 3, 2025 11:08 PM IST
ബംഗളൂരു: ബംഗളൂരു ദുരന്തത്തിൽ മൗനം വെടിഞ്ഞ് ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റനും ഐപിഎൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ബാറ്ററുമായ വിരാട് കോഹ്ലി. ഒരേ ഫ്രാഞ്ചൈസിക്ക് കീഴിൽ 18 വർഷത്തെ ഐപിഎൽ കിരീടത്തിനായുള്ള കോഹ്ലിയുടെ കാത്തിരിപ്പാണ് 2025 സീസണിൽ അവസാനിച്ചത്.
രജത് പാട്ടീദാറിന്റെ നേതൃത്വത്തിൽ ബംഗളൂരു ആദ്യമായി കപ്പുയർത്തിയതിന്റെ ആഘോഷങ്ങൾക്കൊടുവിൽ 11 പേരുടെ ജീവൻ കവർന്ന ദുരന്തമായി മാറി. സംഭവം നടന്ന് 90 ദിവസത്തിനുശേഷം ആദ്യമായി വിരാട് കോഹ്ലി പ്രതികരിച്ചു.
“ജൂണ്‍ നാല് ഹൃദയഭേദകമായ ദിനമായിരുന്നു. ഫ്രഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാകേണ്ട ദിവസം ദുരന്തമായി മാറി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കുവേണ്ടിയും ആരാധകർക്കുവേണ്ടിയും പ്രാർഥിക്കുന്നു. നിങ്ങളുടെ നഷ്ടം ഞങ്ങളുടേതു കൂടിയാണ്. ഒത്തൊരുമിച്ച് കരുതലോടെയും ബഹുമാനത്തോടെയും ഉത്തരവാദിത്വത്തോടെയും മുന്നോട്ടു പോകാം’’- കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
ബംഗളൂരുവിന്റെ കന്നി കിരീട നേട്ടം ആഘോഷിക്കാൻ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ 2.5 ലക്ഷം ആരാധകരാണ് തടിച്ചുകൂടിയത്. ആഘോഷത്തിന്റെ പേരിൽ ഫ്രാഞ്ചൈസി വലിയ വിമർശനം ഏറ്റുവാങ്ങി. നിയമ നടപടിക്കും വിധേയമായി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് ആർസിബി അറിയിച്ചിരുന്നു.
ക്രൗഡ് മാനേജ്മെന്റ് പ്രോട്ടോക്കോളുകൾ തയാറാക്കുന്നതിനായി സ്റ്റേഡിയം അധികൃതർ, കായിക സംഘടനകൾ, ലീഗ് പങ്കാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത ആർസിബി, കെയേഴ്സ് എന്ന പേരിൽ ഫൗണ്ടേഷനും ആരംഭിച്ചു.
ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിംഗ്സ് ഇലവനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് കോഹ്ലിയും സംഘവും 2025 സീസൺ ഐപിഎല്ലിൽ കന്നി കപ്പുയര്‍ത്തിയത്. മത്സരത്തില്‍ ബംഗളൂരുവിനായി കോഹ്ലി 35 പന്തില്‍ 43 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ ബംഗളൂരുവിന്റെ കുതിപ്പില്‍ നിര്‍ണായകമായതും കോഹ്ലിയുടെ ബാറ്റില്‍നിന്നു പിറന്ന (657) റണ്‍സായിരുന്നു.