റാസ, റാസ... സിക്കന്ദര്‍ റാസ...
Wednesday, September 3, 2025 11:08 PM IST
ദുബായ്: ഐസിസി ഏകദിന പുരുഷ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ സിംബാബ്വെയുടെ സിക്കന്ദര്‍ റാസ ഒന്നാമത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിംബാബ്വെ താരം ലോക ഒന്നാം റാങ്കില്‍ എത്തുന്നതെന്നതും ശ്രദ്ധേയം. പ്രായം വെറും നമ്പര്‍ മാത്രമാണെന്നു തെളിയിച്ചാണ് 39-ാം വയസില്‍ സിക്കന്ദര്‍ റാസ ലോക ഒന്നാം റാങ്കില്‍ എത്തിയത്.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനം സിംബാബ്വെ താരത്തിനു ഗുണമായി.
നമ്പര്‍ 1 കേശവ്
ഇംഗ്ലണ്ടിന് എതിരായ പരമ്പരയില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് ഏകദിന ബൗളര്‍മാരില്‍ പുതിയ ഒന്നാം നമ്പര്‍. 35കാരനായ മഹാരാജും പ്രായത്തെ വെല്ലുന്ന പ്രകടനത്തോടെ ലോക ഒന്നാം റാങ്കില്‍ എത്തി.
ശ്രീലങ്കയുടെ മഹീഷ് തീക്ഷണയെയാണ് കേശവ് മഹാരാജ് പിന്തള്ളിയത്. ഇന്ത്യയുടെ കുല്‍ദീപ് യാദവാണ് മൂന്നാം സ്ഥാനത്ത്. എട്ടാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിനുള്ളിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ബാറ്റിംഗില്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, പാക്കിസ്ഥാന്റെ ബാബര്‍ അസം, ഇന്ത്യയുടെ വിരാട് കോഹ്ലി എന്നിവര്‍ യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളില്‍ തുടരുന്നു.