യുഎസ് ഓപ്പണ്‍ : ജോക്കോ vs അല്‍കരാസ്
Wednesday, September 3, 2025 11:08 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ സൂപ്പര്‍താര പോരാട്ടം. സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചും സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കരാസും തമ്മിലാണ് സെമി. ശനിയാഴ്ചയാണ് ഈ സൂപ്പര്‍ സെമി.
ക്വാര്‍ട്ടറില്‍ നാലാം സീഡായ അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ഏഴാം സീഡായ ജോക്കോവിച്ച് സെമിയിലെത്തിയത്. സ്കോര്‍: 6-3, 7-5, 3-6, 6-4. ചെക് താരം ജിരി ലെഹെക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തുരത്തിയാണ് രണ്ടാം സീഡുകാരനായ അല്‍കരാസ് സെമിയിലെത്തിയത്. സ്കോര്‍: 6-4, 6-2, 6-4.
റിക്കാര്‍ഡ് നൊവാക്
ഈ സീസണില്‍ ജോക്കോവിച്ചിന്റെ നാലാം ഗ്രാന്സ്ലാം സെമി ഫൈനലാണ്. 38 വര്‍ഷവും 94 ദിനവും പ്രായമുള്ള ജോക്കോവിച്ച്, ഒരു സീസണിലെ എല്ലാ ഗ്രാന്‍സ് ലാം പോരാട്ടത്തിന്റെയും സെമിയിലെത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റിക്കാര്‍ഡും ഇതോടെ സ്വന്തമാക്കി.
സെര്‍ബിയന്‍ താരത്തിന്റെ 14-ാം യുഎസ് ഓപ്പണ്‍ സെമി പ്രവേശമാണ്. ഓപ്പണ്‍ കാലഘട്ടത്തില്‍ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ സെമിയിലെത്തിയ ജിമ്മി കോണേഴ്സിന്റെ (14) റിക്കാര്‍ഡിന് ഒപ്പവും ജോക്കോവിച്ച് എത്തി.
സബലെങ്ക x പെഗുല
യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സിലെ ആദ്യ സെമി പോരാട്ട ചിത്രവും വ്യക്തമായി. ലോക ഒന്നാം നമ്പറായ സെര്‍ബിയയുടെ അരീന സബലെങ്ക നാലാം സീഡായ അമേരിക്കയുടെ ജെസീക്ക പെഗുലയുമായി സെമിയില്‍ ഏറ്റുമുട്ടും. നാളെയാണ് ഈ പോരാട്ടം. ചെക് താരം മാര്‍കെറ്റ വോന്‍ഡ്രൂസോവ ക്വാര്‍ട്ടറില്‍നിന്നു പിന്മാറിയതോടെ വാക്കോവര്‍ ലഭിച്ചാണ് ചാമ്പ്യനായ സബലെങ്ക സെമിയിലെത്തിയത്.
ചെക് താരം ബാര്‍ബോറ ക്രെജ്സിക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് പെഗുല സെമിയിലെത്തിയത്. സ്കോര്‍: 6-3, 6-3.