കെസിഎല്‍ സമ്മാനിച്ചത്
തോമസ് വര്‍ഗീസ്
Friday, September 5, 2025 5:35 AM IST
രണ്ടു സീസണുകള്‍ക്കുള്ളില്‍ കെസിഎല്‍ (കേരള ക്രിക്കറ്റ് ലീഗ്) കേരളത്തിലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ക്രിക്കറ്റിന് സമ്മാനിച്ചത് പുതുഊര്‍ജം. ആദ്യ സീസണില്‍ തന്നെ ലീഗ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതേത്തുടര്‍ന്ന് എല്ലാ മേഖലയിലും ക്രിക്കറ്റ് ആവേശം ഉയര്‍ന്നു. വയലുകളിലും ടര്‍ഫുകളിലും സ്റ്റേഡിയങ്ങളിലുമെല്ലാം ക്രിക്കറ്റ് ആവേശം ഉയര്‍ന്നു. ഒരു കാലത്ത് നിന്നു പോയ പല ക്ലബ് ടൂര്‍ണമെന്റുകളും പുനരാരംഭിക്കാന്‍ കെസിഎല്‍ നിമിത്തമായി.
പുതുതലമുറയ്ക്ക് പുത്തന്‍ അവസരം
പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നിരവധി മികച്ച താരങ്ങള്‍ കേരളത്തില്‍ ക്രിക്കറ്റര്‍മാരായി ഉണ്ടായിരുന്നെങ്കിലും അവര്‍ക്കു വേണ്ടത്ര മത്സരങ്ങള്‍ കളിക്കാനോ ആ കളികള്‍ ഇന്ത്യ മുഴുവന്‍ കണ്ട് സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടാനോ അവസരമുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ പല മികച്ച കളിക്കാർക്കും പ്രാദേശിക മത്സരങ്ങളില്‍ മാത്രം കളിച്ച് തങ്ങളുടെ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നു. അതില്‍ നിന്നും ഏറെ മാറിയത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലാണ്.
അതില്‍ തന്നെ ഏറ്റവുമധികം നിര്‍ണായക മാറ്റങ്ങള്‍ വന്നത് ഈ അഞ്ചു വര്‍ഷത്തിനുള്ളിലും. നൂറുകണക്കിനു പുത്തന്‍ താരങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകത്തിലേക്ക് വാതായനം തുറന്നു കിട്ടിയത്. കഴിഞ്ഞ വര്‍ഷം വിഗ്നേഷ് പുത്തൂരിനെ ഐപിഎല്‍ ടീമിലേക്ക് എത്തിക്കാന്‍ ഇടയായത് കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങളായിരുന്നു. ഇത്തവണയും നിരവധി പുത്തന്‍ താരോദയങ്ങളാണ് ഉണ്ടായത്. കെ.ആര്. രോഹിത്, മുഹമ്മദ് കൈഫ്, മുഹമ്മദ് ആഷിക് തുടങ്ങിയ നിരവധിപേരാണ് ലീഗ് ഘട്ടം അവസാനിച്ചപ്പോള്‍തന്നെ ഭാവിയിലേക്ക് കരുതലാകുമെന്നുറപ്പായവര്.
രാജസ്ഥാന് റോയല്‍സ് ഉള്‍പ്പെടെയുള്ള ഐപിഎല്‍ ടീമുകളുടെ ഒഫീഷലുകളുടെ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ളവ സംസ്ഥാനത്തെ പല ടീമുകള്‍ക്കും ലഭ്യമായതും കെസിഎല്ലിന്റെ ഭാഗമായാണ്. നിരവധി ഐപിഎല്‍ ടീം അധികൃതര്‍ കെസിഎല്‍ മത്സരം കാണാനെത്തി. ലക്ഷ്യം പുത്തന്‍ താരങ്ങളെ കണ്ടെത്തുക. പല ടീമുകളും കേരളത്തിനു വെളിയില്‍ പോണ്ടിച്ചേരിയില്‍ ഉള്‍പ്പെടെ പരിശീലനനം നടത്തി. അന്താരാഷ്ട്ര സൗകര്യമുള്ള സ്റ്റേഡിയത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പുത്തന്‍ താരങ്ങള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചെന്നതും കെസിഎല്ലിന്റെ മറ്റൊരു ഗുണം.
ആദ്യം ആശങ്ക, ഇപ്പോള്‍ വരവേല്‍പ്പ്
കേരള ക്രിക്കറ്റ് ലീഗ് കഴിഞ്ഞ വര്‍ഷം ആശങ്കയോടെയാണ് ആരംഭിച്ചത്. ലീഗ് മുന്നോട്ട് എങ്ങനെയെന്നതില്‍ വിവിധ ടീമുകളുടെ സാമ്പത്തികവും അവരുടെ സ്പോണ്‍സര്‍മാരുടെ നിലപാടുകളും ഏറെ നിര്‍ണായകമാകുന്ന സാഹചര്യം.
എന്നാല്‍, ഒന്നാം സീസണിലെ മത്സരങ്ങള്‍ നേരിട്ട് ആയിരക്കണക്കിന് ആളുകള്‍ കാണുകയും ഫാന്‍കോഡ് വഴിയും സ്റ്റാര്‍സ്പോര്‍ട്സ് വഴിയും ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ മത്സരം ലൈവായി കാണുകയും ചെയ്തതോടെ സംഘാടകര്‍ ഒന്നുറപ്പിച്ചു; കേരളം ഒന്നടങ്കം കെസിഎല്ലിനെ നെഞ്ചിലേറ്റി. അതില്നിന്നുള്ക്കൊണ്ട ആവേശമാണ് രണ്ടാം സീസണിലെ ഗംഭീര സംഘാടനത്തിലേക്കു നയിച്ചത്.
അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍
ലീഗിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമുണ്ടായതോടെ കെസിഎല്ലിലെ പല ടീമുകള്‍ക്കും സ്പോണ്‍സര്‍മാരായി അന്താരാഷ്ട്ര ബ്രാന്ഡുകള്തന്നെ രംഗത്തുവന്നു. ഇത് വലിയ ശുഭസൂചനയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ചില ടീമുകള്‍ ലാഭത്തിലേക്ക് മാറി. വരുന്ന വര്‍ഷത്തോടെ എല്ലാ ടീമുകളും ലാഭത്തിലെത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
അടിസ്ഥാനമേഖല വളര്‍ന്നു
എല്ലാ ജില്ലകളിലെയും ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെയും ഇവയുടെ അനുബന്ധ സൗകര്യങ്ങളുടെയും വളര്‍ച്ചയ്ക്കു കെസിഎല്‍ ഏറെ സഹായകമാകും. രണ്ടാം സീസണു മുന്നോടിയായി എല്ലാ ജില്ലകളിലും പ്രചാരണ യാത്ര നടത്തിയതിലൂടെ ഓരോ ജില്ലകളിലെയും ക്രിക്കറ്റ് വികാസത്തിനായി വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു.
എല്ലാ മേഖലയിലുമുള്ള ആളുകളിലേക്കും ക്രിക്കറ്റിനെ എത്തിക്കാനായി. കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങള്‍ക്കും കെസിഎയ്ക്കും മാത്രമല്ല ഗുണമുണ്ടായിട്ടുള്ളത്. ഗ്രൗണ്ട് സ്റ്റാഫ് മുതല്‍ ഇതിന്റെ ഗുണഫലം ലഭിച്ചവരാണ്. താരങ്ങളെയും ഒഫീഷലുകളെയും താമസിപ്പിച്ച ഹോട്ടലുകള്‍, ഇവരെ എത്തിക്കാനായി ഉപയോഗിച്ച വാഹനങ്ങള്‍, സ്റ്റേഡിയത്തിലെ സൗകര്യം ക്രമീകരിച്ച ഗ്രൗണ്ട് സ്റ്റാഫുകള്‍ തുടങ്ങി ഒട്ടനവധി ആളുകളാണ് ഈ ടൂര്‍ണമെന്റിന്റെ ഗുണഫലം നേരിട്ടോ അല്ലാതെയോ അനുഭവിച്ചവര്‍. വരും സീസണില്‍ കൂടുതല്‍ ഹിറ്റാകുമെന്നതില്‍ ആശങ്ക ലവലേശം വേണ്ട.
കേരള ക്രിക്കറ്റ് ചരിത്രത്തെക്കുറിച്ചുള്ള ചില പാരമര്ശമിങ്ങനെ: 18-ാം നൂറ്റാണ്ടില്‍ തലശേരി കോട്ടയില്‍ കാവല്‍ നില്ക്കുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കായി ലോര്‍ഡ് ആര്‍തര്‍ വെല്ലസ്ലിയാണ് കേരളത്തില്‍ ക്രിക്കറ്റ് കൊണ്ടുവന്നത്. എന്നാല്‍, ഇന്ന് ആ ബ്രിട്ടീഷുകാരെ വിറപ്പിക്കുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള മലയാളികള്‍ ഇടംപിടിച്ചു. വരും കാലത്ത് കെസിഎല്ലിലൂടെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു ചുവടവയ്ക്കുന്നതിനായി കാത്തിരിക്കാം.