സബാഷ് സബലെങ്ക
Monday, September 8, 2025 1:50 AM IST
ന്യൂയോർക്ക്: 2025 സീസൺ ഗ്രാൻസ്ലാം കിരീടങ്ങളില്ലാതെ അവസാനിപ്പിക്കില്ലെന്ന് തീരുമാനിച്ചിറങ്ങിയ ബെലാറൂസിന്റെ അരീന സബലെങ്ക യുഎസ് ഓപ്പൺ ട്രോഫിയിൽ ചുംബിച്ചു. വനിതാ ലോക ഒന്നാം നമ്പർ താരമായ സബലെങ്ക അമേരിക്കയുടെ എട്ടാം സീഡായ അമാൻഡ അനിസിമോവയെയാണ് ഫൈനലിൽ കീഴടക്കിയത്. 6-3, 7-6 (7-3) എന്ന സ്കോറിൽ ജയിച്ച് സബലെങ്ക യുഎസ് ഓപ്പൺ കിരിടം നിലനിർത്തി.
4-ാം ഗ്രാൻസ്ലാം, 2014നു ശേഷം
27കാരിയായ സബലെങ്കയുടെ നാലാം ഗ്രാൻസ് ലാം സിംഗിൾസ് കിരീടമാണ്; രണ്ട് തവണ വീതം ഓസ്ട്രേലിയൻ ഓപ്പണും (2023, 2024), യുഎസ് ഓപ്പണും (2024, 2025).
2014നു ശേഷം യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരിടം നിലനിർത്തുന്ന ആദ്യ താരമാണ് സബലെങ്ക. സെറീന വില്യംസാണ് അവസാനമായി (2012-14) യുഎസ് ഓപ്പൺ നിലനിർത്തിയത്.
100-ാം ജയം
ഗ്രാൻസ്ലാം വേദിയിൽ അരീന സബലെങ്കയുടെ 100-ാം ജയമാണ്. ഹാർഡ് കോർട്ടിന്റെ രാജ്ഞി എന്ന വിശേഷണം അടിവരയിട്ട്, 2023നു ശേഷം സബലെങ്ക നേടുന്ന 39-ാം ഹാർഡ് കോർട്ട് ജയമാണിത്. ഇക്കാലത്തിനിടെ ഹാർഡ് കോർട്ടിൽ രണ്ട് തോൽവി മാത്രമേ ബെലാറൂസ് താരം വഴങ്ങിയുള്ളൂ.