സിക്സ് അടിച്ച് സ്പെയിന്
Tuesday, September 9, 2025 1:43 AM IST
കോനിയ (തുര്‍ക്കി): ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗോള്‍കൊണ്ട് സിക്സ് അടിച്ച് സ്പെയിനിന്റെ വമ്പന്‍ പ്രകടനം.
എവേ പോരാട്ടത്തില്‍ സ്പെയിന് 6-0നു തുര്‍ക്കിയെ കീഴടക്കി. മൈക്കല്‍ മെറിനൊയുടെ ഹാട്രിക്കാണ് സ്പെയിനിനു വമ്പന്‍ ജയമൊരുക്കിയത്. ഗ്രൂപ്പ് ഇയില്‍ അരങ്ങേറിയ മത്സരത്തില്‍ 22, 45+1, 57 മിനിറ്റുകളിലായിരുന്നു മെറിനൊയുടെ ഗോള്‍ നേട്ടം.
കെവിന് ഡബിള്‍
കെവിന് ഡിബ്രൂയിന്റെ ഇരട്ട ഗോള്‍ ബലത്തില്‍ ഗ്രൂപ്പ് ജെയില്‍ ബെല്‍ജിയം 6-0ന് കസാക്കിസ്ഥാനെ തകര്‍ത്തു. 42, 84 മിനിറ്റുകളിലായിരുന്നു കെവിന്റെ ഗോള്‍. ജെറെമി ഡൊക്കുവും (44, 60) ബെല്‍ജിയത്തിനായി ഇരട്ടഗോള്‍ സ്വന്തമാക്കി.
ജര്‍മനി റിട്ടേണ്‍സ്
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ സ്ലോവാക്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ജര്‍മനി, രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി. ഹോം മത്സരത്തില്‍ ജര്‍മനി 3-1ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. അതേസമയം, ഗ്രൂപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയ സ്ലോവാക്യ ഒന്നാം സ്ഥാനത്ത് തുടരുന്നു.
പോളണ്ട്, ഹോളണ്ട്
ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ്സും പോളണ്ടും ജയം സ്വന്തമാക്കി. എവേ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സ് 3-2ന് ലിത്വാനിയയെ തോല്‍പ്പിച്ചു. മെംഫിസ് ഡിപ്പെയുടെ ഇരട്ട ഗോളാണ് ഡച്ച് സംഘത്തിനു ജയമൊരുക്കിയത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഗോള്‍ നേടിയ മത്സരത്തില്‍ പോളണ്ട് 3-1ന് ഫിന്‍ലന്‍ഡിനെ കീഴടക്കി.