ആളിക്കത്തി ‘ജെൻ സി’; പ്രധാനമന്ത്രി രാജിവച്ചു, പാർലമെന്റ് മന്ദിരം കത്തിച്ചു
Wednesday, September 10, 2025 2:20 AM IST
കാഠ്മണ്ഡു: നേപ്പാളിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു. ഇദ്ദേഹം രാജ്യംവിട്ടുവെന്നാണു റിപ്പോർട്ട്.
സമൂഹമാധ്യമ നിരോധനത്തെത്തുടർന്നുണ്ടായ ജെൻ സി യുവാക്കളുടെ പ്രതിഷേധം സർക്കാർവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. അനിശ്ചിതകാല കർഫ്യൂവും വൻ സൈനികവിന്യാസവും വകവയ്ക്കാതെ ആയിരങ്ങളാണ് ഇന്നലെ തെരുവിലിറങ്ങിയത്. തിങ്കളാഴ്ച പോലീസ് വെടിവയ്പിൽ 19 യുവാക്കളാണു കൊല്ലപ്പെട്ടത്. നാനൂറോളം പേർക്ക് പരിക്കേറ്റു.
ജെൻ സി യുവാക്കളുടെ പ്രതിഷേധത്തിനൊടുവിൽ തിങ്കളാഴ്ച അർധരാത്രിക്കുശേഷം സമൂഹമാധ്യമ നിരോധനം സർക്കാർ നീക്കിയെങ്കിലും സർക്കാരിന്റെ അഴിമതിക്കെതിരേയും 19 യുവാക്കൾ കൊല്ലപ്പെട്ടതിലും യുവജന പ്രതിഷേധം ആളിക്കത്തുകയായിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിലാരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഒലി രാജിവച്ചയുടൻ കാഠ്മണ്ഡു ബാൽകോട്ടിലുള്ള സ്വകാര്യവസതിക്ക് പ്രതിഷേധക്കാർ തീയിട്ടു.
നേപ്പാൾ പ്രസിഡന്റ് രാമചന്ദ്ര പൗദേലിന്റെ സ്വകാര്യ വസതിയും മുൻ പ്രധാനമന്ത്രിമായ ഷേർ ബഹാദൂർ ദ്യുബ, പുഷ്പ കമൽ ദഹൽ, കമ്യൂണിക്കേഷൻ മന്ത്രി പൃഥ്വി സുബ്ബ ഗുരുംഗ്, മുൻ ആഭ്യന്തരമന്ത്രി രമേഷ് ലേഖക് എന്നിവരുടെ വീടുകളും പാർലമെന്റും പ്രതിഷേധക്കാർ ആക്രമിച്ചു. ഒട്ടേറെ സർക്കാർ ഓഫീസുകൾ പ്രതിഷേധക്കാർ കൈയേറി.
പ്രധാനമന്ത്രി ഒലി രാജിവച്ചയുടൻ പ്രതിഷേധക്കാർ ‘കെപി കള്ളൻ രാജ്യം വിടുക’, ‘അഴിമതിക്കാരായ നേതാക്കൾക്കെതിരേ നടപടിയെടുക്കുക’, ‘വിദ്യാർഥികളെ കൊല്ലരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഒലിയുടെ ഓഫീസിലേക്ക് ഇരച്ചുകയറി. ദേശീയ സർക്കാർ രൂപവത്കരിക്കണമെന്നു ജെൻ സി യുവാക്കൾ ആവശ്യപ്പെട്ടു.
സംഘർഷസാഹചര്യത്തിൽ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ നിർത്തി. സംയമനം പാലിക്കാനും ചർച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാനും നേപ്പാൾ പ്രസിഡന്റ് രാമചന്ദ്ര പൗദേൽ അഭ്യർഥിച്ചു. രാജ്യത്തിന്റെ സുരക്ഷാ ചുമതല ഇന്നലെ രാത്രി പത്തു മുതൽ സൈന്യം ഏറ്റെടുത്തു.
മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ജീവനോടെ കത്തിച്ചു
നേപ്പാൾ മുൻ പ്രധാനമന്ത്രി ഝാലാനാഥ് ഖാനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാകർ പ്രതിഷേധത്തിനിടെ പൊള്ളലേറ്റു മരിച്ചു. ദല്ലു മേഖലയിലെ ഝാലാനാഥിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ തീവയ്ക്കുകയായിരുന്നു.
“നേപ്പാൾ അസാധാരണ സാഹചര്യത്തിൽ; ഞാൻ രാജിവയ്ക്കുന്നു”
“നേപ്പാൾ അസാധാരണ സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നത്. നിലവിലെ സ്ഥിതിഗതിക്കു ഭരണഘടനാപരവും രാഷ്ട്രീയവുമായ പരിഹാരമുണ്ടാക്കാനാണു ഞാൻ രാജിവച്ചത്’’ - പ്രസിഡന്റിന് അയച്ച രാജിക്കത്തിൽ കെ.പി. ശർമ ഒലി പറഞ്ഞു.
കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒലി ഉടൻ രാജിവയ്ക്കണമെന്ന് ഇന്നലെ രാവിലെ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസ് ജനറൽ സെക്രട്ടറി ഗഗൻ ഥാപ്പ ആവശ്യപ്പെട്ടിരുന്നു.
ഭരണസഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസ് കൈവിട്ടതോടെ ഒലിയുടെ മുന്നിൽ രാജിയല്ലാതെ മറ്റു വഴികളില്ലായിരുന്നു. കരസേനാ തലവൻ അശോക് രാജ് സിഗ്ദേൽ ഒലിയോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.
കെ.പി. ശർമ ഒലി ചൈന അനുകൂലി
വിപ്ലവനേതാവിൽനിന്നു മൂന്നു തവണ നേപ്പാൾ പ്രധാനമന്ത്രിയായ കെ.പി. ശർമ ഒലി അറിയപ്പെടുന്ന ചൈന അനുകൂലിയാണ്. പുഷ്പ കമൽ ദഹലിനെ തള്ളി നേപ്പാളി കോൺഗ്രസുമായി സഖ്യമുണ്ടാക്കി 2024 ജൂലൈയിലാണ് ഒലി (73) മൂന്നാം തവണ പ്രധാനമന്ത്രിയായത്.
രാജ്യത്തിന്റെ വികസനത്തിനും രാഷ്ട്രീയസ്ഥിരതയ്ക്കും നേപ്പാളി കോൺഗ്രസുമായി സഖ്യം അനിവാര്യമാണെന്നായിരുന്നു സിപിഎൻ-യുഎംഎൽ നേതാവായ ഒലി അന്നു പറഞ്ഞത്.
2015ലാണ് ആദ്യമായി പ്രധാനമന്ത്രിയായത്. ഒലിയുടെ 11 മാസത്തെ ഭരണത്തിനിടെ ഇന്ത്യയുമായുള്ള ബന്ധം വഷളായി. നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്നായിരുന്നു ഒലിയുടെ ആരോപണം.
2018 ഫെബ്രുവരിയിൽ രണ്ടാം തവണ ഒലി നേപ്പാൾ പ്രധാനമന്ത്രിയായി. ഇത്തവണയും ഇന്ത്യക്കെതിരേ ആരോപണങ്ങളുമായി ഒലി രംഗത്തെത്തി. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. ഒലി മൂന്നാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായപ്പോൾ ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്ന ആശങ്കയുണ്ടായിരുന്നു.