പ്രധാനമന്ത്രി വാഴാതെ ഫ്രാൻസ്
Wednesday, September 10, 2025 2:20 AM IST
പാരീസ്: ഫ്രാൻസിൽ പ്രധാനമന്ത്രിമാരുടെ കസേര ഉറയ്ക്കുന്നില്ല. രണ്ടു വർഷത്തിനിടെ നാലാമത്തെ പ്രധാനമന്ത്രിയും പുറത്തേക്ക്. പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കു കളമൊരുക്കി പ്രധാനമന്ത്രി ഫ്രാൻസ്വാ ബൈയ്റു അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 364 എംപിമാരാണു ബൈയ്റുവിനെതിരായി വോട്ടു ചെയ്തത്. 194 പേർ അനുകൂലിച്ചു.
അവിശ്വാസത്തിൽ പരാജയപ്പെട്ട ബൈയ്റു പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു രാജിക്കത്ത് കൈമാറി. വരും ദിവസങ്ങളിൽ ബൈയ്റുവിന്റെ പകരക്കാരനെ കണ്ടെത്തുമെന്നാണ് മാക്രോണിന്റെ ഓഫീസ് അറിയിക്കുന്നത്.
പുതിയൊരാളെ കണ്ടെത്തുകയോ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുകയോയാണ് മാക്രോണിനു മുന്നിലുള്ള വഴി. ഫ്രാൻസിനെ കടത്തിൽനിന്നു കരകയറ്റാൻകൊണ്ടുവന്ന ചെലവുചുരുക്കൽ പദ്ധതിയാണ് ബൈയ്റുവിനു വിനയായത്. ഇതിന്റെ ഭാഗമായി രണ്ടു പൊതുഅവധിദിനങ്ങൾ റദ്ദാക്കുന്നതുൾപ്പെടെ വിവാദ തീരുമാനങ്ങളുണ്ടായി.
2026 ലെ ബജറ്റിൽ, 44 ബില്യൺ യൂറോ ലാഭിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് ദേശീയ അവധി ദിനങ്ങൾ നിർത്തലാക്കുയും ക്ഷേമനിധികളും പെൻഷനുകളും മരവിപ്പിക്കുകയും ചെയ്തു. ഇദ്ദേഹം പ്രധാനമന്ത്രിയായിട്ട് 9 മാസമേ ആയിട്ടുള്ളൂ.
ബൈയ്റുവിന്റെ മുൻഗാമി മിഷെൽ ബന്യേ വെറും മൂന്നു മാസം മാത്രമാണു പദവിയിലിരുന്നത്. കഴിഞ്ഞ ഡിസംബറിൽ ബജറ്റ് പാസാക്കാനാകാതെ അദ്ദേഹം പുറത്തുപോകുകയായിരുന്നു.