മൂന്നു മക്കളുമായി നാലു വർഷം പോലീസിനെ വെട്ടിച്ച ടോം ഫിലിപ്സ് വെടിയേറ്റു മരിച്ചു
Monday, September 8, 2025 10:36 PM IST
വെല്ലിംഗ്ടൺ: നിയമവിരുദ്ധമായി മൂന്നു മക്കളെ കടത്തിക്കൊണ്ടുപോകുകയും നാലു വർഷത്തോളം അവരുമായി ഒളിവിൽ കഴിയുകയും ചെയ്ത ന്യൂസിലൻഡുകാരനായ പിതാവ് ടോം ഫിലിപിസ് പോലീസിന്റെ വെടിയേറ്റു മരിച്ചു. ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കേസുകളിലൊന്നിനു ഞായറാഴ്ച ദുരന്തപര്യവസാനം ഉണ്ടാവുകയായിരുന്നു.
മരോകോപ എന്ന വിദൂര പട്ടണവാസിയായ ടോം ഫിലിപ്സ് 2021 അവസാനത്തിലാണ് മൂന്നു മക്കളുമായി അപ്രത്യക്ഷനായത്. മക്കളുടെയും അവകാശം കോടതി അമ്മയ്ക്കു നല്കിയതായിരുന്നു കാരണം.
ഇദ്ദേഹത്തെയും കുട്ടികളെയും കണ്ടെത്താൻ പോലീസ് ഊർജിത അന്വേഷണം നടത്തിയിരുന്നു. ദുർഘട സാഹചര്യങ്ങളിൽ ജീവിച്ചു പരിചയമുള്ളയാളും വിദഗ്ധ വേട്ടക്കാരനുമായ ടോം ഫിലിപ്സ് കുട്ടികളുമായി കാടുകളിൽ ഒളിച്ചുകഴിഞ്ഞുവെന്നാണു വിലയിരുത്തൽ. ഇവരുടെ ദൃശ്യങ്ങൾ സെക്യൂരിറ്റി കാമറകളിൽ പലപ്പോഴും പതിഞ്ഞിരുന്നുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
ഞായറാഴ്ച പിയോപിയോ എന്ന ചെറുപട്ടണത്തിൽ ഒരു മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് അവിചാരിതമായി ടോം ഫിലിപ്സിനെ കണ്ടെത്തുകയായിരുന്നു. ഒരു കുട്ടിക്കൊപ്പം നാലുചക്ര മോട്ടോർസൈക്കിളിൽ പോവുകയായിരുന്ന ഇയാളെ പോലീസ് പിന്തുടർന്നു.
വാഹനം മറിഞ്ഞപ്പോൾ സമീപത്തെത്തിയ പോലീസുകാരനു നേർക്ക് ടോം വെടിയുതിർത്തു. തലയ്ക്കു വെടിയേറ്റ പോലീസുകാരന്റെ നില ഗുരുതരമാണ്. പിന്നാലെയെത്തിയ പോലീസിന്റെ പ്രത്യാക്രമണത്തിൽ ടോം ഫിലിപ്സ് കൊല്ലപ്പെടുകയായിരുന്നു.