അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടു: സാഞ്ചസ്
Monday, September 8, 2025 10:36 PM IST
മാഡ്രിഡ്: ഗാസാ ദുരന്തം തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്.
ഇസ്രേലി സേന നടത്തുന്നത് സ്വയം പ്രതിരോധമോ, ആക്രമണമോ പോലുമല്ല മറിച്ച് നിസഹായരായ ജനതയെ ഉന്മൂലനം ചെയ്യലാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്രേലി സേനയ്ക്ക് ഇന്ധനവുമായി പോകുന്ന കപ്പലുകൾ സ്പാനിഷ് തുറമുഖത്ത് അടുക്കാൻ അനുവദിക്കില്ലെന്ന് സാഞ്ചസ് അറിയിച്ചു. ഇസ്രയേലിന് ആയുധം നല്കുന്നത് നേരത്തേ നിർത്തിവച്ചിരുന്നു.
ഇതിനു പുറമേ ഗാസയ്ക്കുള്ള സഹായം സ്പെയിൻ വർധിപ്പിക്കും. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽനിന്നുള്ള ഇസ്രേലി ഉത്പന്നങ്ങൾ സ്പെയിനിൽ നിരോധിക്കും. നടപടികൾക്ക് സ്പാനിഷ് പാർലമെന്റ് അംഗീകാരം നല്കേണ്ടതുണ്ട്.