ഗാസ കൂട്ടക്കൊലയെ അപലപിച്ച് യുഎൻ മനുഷ്യാവകാശ കമ്മീഷൻ
Monday, September 8, 2025 10:36 PM IST
ജനീവ: പലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രയേലിനെ അപലപിക്കുന്നതായി യുഎൻ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടുർക്ക്.
അന്താരാഷ്ട്ര നീതിന്യായ കോടതി എടുത്ത കേസിൽ ഇസ്രയേൽ മറുപടി പറയേണ്ടിവരും. ഇസ്രയേലിനെതിരേ തെളിവുകൾ കുന്നുകൂടുകയാണ്. ജനീവയിൽ ആരംഭിച്ച യുഎൻ മനുഷ്യാവകാശ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേൽ, ഭക്ഷ്യവസ്തുക്കളും ജീവൻരക്ഷാ വസ്തുക്കളും ഗാസയ്ക്കു നിഷേധിച്ച് ജനങ്ങളെ പട്ടിണിക്കിടുകയാണ്. ഇസ്രേലി സേന മാധ്യമപ്രവർത്തകരെ കൊല്ലുന്നു. ഇസ്രയേൽ ആവർത്തിച്ചു ചെയ്യുന്ന യുദ്ധക്കുറ്റങ്ങൾ ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും ടുർക്ക് കൂട്ടിച്ചേർത്തു.
അതേസമയം, ഗാസയിൽ വംശഹത്യ നടക്കുന്നു എന്നു പറയാൻ അദ്ദേഹം തയാറായില്ല. അക്രമപ്രവർത്തനങ്ങളെ മഹത്വവത്കരിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇത് മനുഷ്യാവകാശ പോരാട്ടങ്ങളെ തളർത്തുമെന്നും ടുർക്ക് ചൂണ്ടിക്കാട്ടി.
ഹമാസ് ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രയേൽ ഗാസയിൽ ആരംഭിച്ച സൈനിക നടപടിയിൽ 63,000 പലസ്തീനികളാണു കൊല്ലപ്പെട്ടത്. ഗാസയുടെ പല ഭാഗങ്ങളും ക്ഷാമത്തിന്റെ പിടിയിലായെന്ന് യുഎൻ സംഘടനകൾ സ്ഥിരീകരിച്ചിരുന്നു.