നേപ്പാളിൽ കലാപത്തീ; വെടിവയ്പ് , 19 മരണം
Tuesday, September 9, 2025 1:26 AM IST
കാഠ്മണ്ഡു: നേപ്പാളിൽ സർക്കാർ ഏർപ്പെടുത്തിയ സമൂഹമാധ്യമവിലക്കിനെതിരേ "ജെൻ സി' യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവ യ്പിൽ 19 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്കു പരിക്കേറ്റു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കാഠ്മണ്ഡുവിൽ സൈന്യത്തെ വിന്യസിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 മുതൽ രാത്രി പത്തു വരെ കാഠ്മണ്ഡു ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നേപ്പാളിലെ മറ്റു നഗരങ്ങളിലും പ്രതിഷേധം അലയടിച്ചു.
ഫേസ്ബുക്ക്, വാട്സാപ്പ്, എക്സ്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കും മെസേജിംഗ് ആപ്പുകൾക്കും വ്യാഴാഴ്ച കെ.പി. ശർമ ഒലി സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു. നിർദേശിച്ച കാലയളവിൽ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെത്തുടർന്നായിരുന്നു നിരോധനം. ഓഗസ്റ്റ് 28 മുതൽ ഒരാഴ്ചത്തെ സമയം നല്കിയെങ്കിലും പ്രമുഖ കന്പനികളൊന്നും അവസാന തീയതിക്കു മുന്പ് രജിസ്റ്റർ ചെയ്തില്ല.
സ്കൂൾ വിദ്യാർഥികളടക്കം ആയിരക്കണക്കിനു യുവാക്കളാണ് അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനും എതിരേ "ജെൻ സി' എന്ന ബാനറിനു കീഴിൽ ഇന്നലെ പ്രതിഷേധം നടത്തിയത്. തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രകടനം പാർലമെന്റിനു മുന്നിലെത്തിയപ്പോഴാണ് സംഘർഷം ഉടലെടുത്തത്. പ്രതിഷേധക്കാരിൽ ചിലർ പാർലമെന്റ് കോംപ്ലക്സിൽ അതിക്രമിച്ചു കയറിയതോടെ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്ന് ഷെല്ലുകളും റബർ ബുള്ളറ്റും പോലീസ് പ്രയോഗിച്ചു. കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 14 പേർ കൊല്ലപ്പെട്ടുവെന്ന് ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
17 പേർ കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വക്താവ് ബിനോദ് ഘിമിരെ പറഞ്ഞു. കിഴക്കൻ നേപ്പാളിലെ സുൻസാരി ജില്ലയിൽ രണ്ടു പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ സൈനികരടക്കം 42 പേർ കാഠ്മണ്ഡു സിവിൽ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് നേപ്പാൾ പോലീസ് വക്താവ് അറിയിച്ചു. പരിക്കേറ്റവരിൽ നിരവധി മാധ്യമപ്രവർത്തകരും ഉണ്ടെന്നാണു റിപ്പോർട്ട്. സമൂഹമാധ്യമ നിരോധനത്തിനെതിരേ ഞായറാഴ്ച നൂറുകണക്കിനു മാധ്യമപ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.
ഫേസ്ബുക്ക്, എക്സ്, യുട്യൂബ് തുടങ്ങിയ പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വിദ്യാഭ്യാസം, ബിസിനസ്, കമ്യൂണിക്കേഷൻ എന്നിവയെ സാരമായി ബാധിക്കുമെന്ന് കംപ്യൂട്ടർ അസോസിയേഷൻ ഓഫ് നേപ്പാൾ (സിഎഎൻ) പറഞ്ഞു. നേപ്പാളിൽ ഫേസ്ബുക്കിന് 1.35 കോടിയും ഇൻസ്റ്റഗ്രാമിന് 36 ലക്ഷവും ഉപയോക്താക്കളുണ്ട്. നേപ്പാളിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. കൂടുതൽ എസ്എസ്ബി ജവാന്മാരെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രി രാജിവച്ചു
കലാപത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവച്ചു. നേപ്പാളി കോൺഗ്രസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.