ഇന്ത്യക്കെതിരേ കടുത്ത വിമർശനങ്ങൾ തുടർന്ന് പീറ്റർ നവാരോ
Tuesday, September 9, 2025 1:24 AM IST
ന്യൂയോർക്ക്: ഇന്ത്യക്കെതിരേ യുള്ള കടുത്ത വിമർശനങ്ങൾ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ.
റഷ്യ യുക്രെയ്ൻ ആക്രമിക്കുന്നതിനു മുൻപ് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ലെന്നും അതു ചോരപ്പണമാണെന്നും നവാരെ എക്സിൽ കുറിച്ചു.
ഇങ്ങനെ നേടുന്ന പണം റഷ്യ യുക്രെയ്ൻ ജനതയെ കൊല്ലാൻ ഉപയോഗിക്കുകയാണ്. ഇന്ത്യയുടെ ഉയർന്ന തീരുവ അമേരിക്കക്കാരുടെ തൊഴിലുകൾ തട്ടിയെടുത്തുവെന്നും സത്യത്തെ വളച്ചൊടിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ പോസ്റ്റിന് താഴെ കമ്യൂണിറ്റി നോട്ട് കൂട്ടിച്ചേർത്തപ്പോൾ നവാരോ എക്സ് ഉടമ എലോൺ മസ്കിന് നേരെയും ആക്രമണമഴിച്ചു വിട്ടു.
പോസ്റ്റുകളുടെ സത്യാവസ്ഥ പരിശോധിച്ചതിനു ശേഷമുള്ള പ്രതികരണമാണ് കമ്യൂണിറ്റി നോട്ട്. എക്സിന്റെ ഉടമസ്ഥൻ പോസ്റ്റുകളിൽ അസത്യപ്രചാരണം കലർത്തുകയാണെന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്നും നവാരോ പറഞ്ഞു.
കൂടാതെ, ബ്രാഹ്മണർ ലാഭമുണ്ടാക്കുകയാണെന്ന നവാരോയുടെ മറ്റൊരു പോസ്റ്റിലെ കമ്യൂണിറ്റി നോട്ട് പറഞ്ഞത് ആ വാദം അടിസ്ഥാനരഹിതമാണെന്നും, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കൈകടത്തി വിഘടനമുണ്ടാക്കാനുള്ള ശ്രമമാണെന്നുമാണ്.