ഹമാസിനെ വിടാതെ ഇസ്രയേൽ; ദോഹയിൽ വ്യോമാക്രമണം
Wednesday, September 10, 2025 2:20 AM IST
ദുബായ്: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യോമാക്രമണം. ദോഹയിലെ കത്താറയിൽ ഇസ്രേലി സേന നിരവധി തവണ ആക്രമണം നടത്തിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കറുത്ത പുക ആകാശംമുട്ടെ പറക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
ആളപായം ഉൾപ്പെടെ വ്യക്തമല്ല. എന്നാൽ ഹമാസ് നേതാക്കളായ ഖലിൽ അൽ ഹയ്യയും സഹീർ ജാബ്രിയാനും കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇവരുൾപ്പെടെ അഞ്ച് മുതിർന്ന നേതാക്കൾ സംയുക്തമായാണു ഹമാസിനെ നയിക്കുന്നത്.
വിദേശത്തുള്ള ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രേലി സൈനിക മേധാവി ഇയാല്‍ സമീര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയുള്ള ആക്രമണം ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷം തടവിലാക്കപ്പെട്ട ബന്ദികളുടെ മോചനവും അനിശ്ചിതത്വത്തിലാക്കി.
രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ആക്രമണമെന്നു ഖത്തര്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. മേഖലയുടെ സുരക്ഷയ്ക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു പറഞ്ഞ ഖത്തർ മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിച്ചുവെന്നും അറിയിച്ചു.
ആക്രമണത്തിന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അനുമതി നൽകിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്ന് യുഎസ് വക്താക്കളെ ഉദ്ധരിച്ച് ഒരു ഇസ്രേലി വാർത്താചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേൽ മുൻകൈയെടുത്ത് ഇസ്രയേൽ നടത്തിയ ഈ ആക്രമണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഇസ്രയേലിനാണെന്ന് നെതന്യാഹു അറിയിച്ചു.
ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഗാസയിലെ വെടിനിർത്തലിനായി മധ്യസ്ഥചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമാണ് ഖത്തർ.