നേപ്പാൾ കലാപം; അഴിമതിക്കും സ്വേഛാധിപത്യത്തിനും എതിരേയുള്ള സമരം
Wednesday, September 10, 2025 2:20 AM IST
കാഠ്മണ്ഡു: നേപ്പാളിൽ പോലീസ് വെടിവയ്പിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭം ഭരണകൂട അഴിമതിക്കും സ്വജനപക്ഷപാതത്തിനും സ്വേഛാധിപത്യത്തിനും എതിരേയുള്ളതാണ്. സോഷ്യൽ മീഡിയ നിരോധനം അത് പൊട്ടിപ്പുറപ്പെടാൻ പെട്ടെന്നൊരു കാരണമേ യുള്ളു.
സർക്കാർ തലത്തിൽ വർധിച്ചുവരുന്ന അഴിമതിയോടുള്ള അമർഷം അണിയറയിൽ പുകയാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതിന്റെ സ്വാഭാവിക പൊട്ടിത്തെറിയായിരുന്നു ജെൻ സി, ജെൻ ഇസെഡ് തലമുറകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം.
സമൂഹമാധ്യമ അടിമകളായ യുവാക്കളുടെ സമരമെന്നു പരിഹസിക്കുന്ന ചില ആഗോള മാധ്യമങ്ങളുടെ നിലപാട് സത്യത്തെ വളച്ചൊടിക്കുന്നതാണെന്ന അമർഷവും പ്രക്ഷോഭകാരികൾ പ്രകടിപ്പിക്കുന്നുണ്ട്.
ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, യുട്യൂബ്, റെഡിറ്റ്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വിലക്കിയതിനു പിന്നിലെ യഥാർഥ ഉദ്ദേശ്യം സെൻസർഷിപ്പാണെന്ന് സമരക്കാർ ആരോപിക്കുന്നു.
ഓൺലൈനിലൂടെ വസ്തുതകൾ വ്യാപിക്കുന്നത് നിയന്ത്രിക്കാനും സർക്കാരിനെതിരായ പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാനും, പ്രതികരിക്കുന്നവരെ ജയിലിലടയ്ക്കാനും സർക്കാരിന് അധികാരം നൽകുക എന്നതാണ് അവരുടെ ഉദ്ദേശ്യമെന്നും അവർ പറയുന്നു. സോഷ്യൽ മീഡിയ വിഷയം ഒരു തീപ്പൊരി മാത്രമായിരുന്നു.
രാഷ്ട്രീയക്കാരുടെ മക്കളുടെ ആഡംബര ജീവിതരീതികളാണ് തുറന്നുകാട്ടിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഡിസൈനർ വസ്ത്രങ്ങൾ, ബാഗുകൾ, വാച്ചുകൾ, ലക്ഷ്വറി കാറുകൾ, ദശലക്ഷക്കണക്കിന് രൂപയുടെ വീടുകൾ, ആഴ്ചതോറുമുള്ള വിദേശയാത്രകൾ എന്നിവ വെളിച്ചത്തുവന്നു.
സ്വകാര്യ വിമാനങ്ങൾ വരെ ഇവർക്കുണ്ടെന്നും സമരക്കാർ പറയുന്നു. അതേസമയം സാധാരണക്കാരായ നേപ്പാളികൾ അതിജീവനത്തിനായി പോരാടുകയാണ്. പ്രധാനമന്ത്രിക്ക് 65,000 ഇന്ത്യൻ രൂപയിൽ താഴെയാണ് ശമ്പളം. എന്നാൽ അദ്ദേഹത്തിന്റെ സ്വത്ത് ദശലക്ഷക്കണക്കിന് ഡോളറിന്റേതാണ്- അവർ ചൂണ്ടിക്കാട്ടി.
“നമ്മൾ ഈ പഴയ നേതാക്കളെ അധികാരത്തിൽനിന്ന് പുറത്താക്കണം. ഒരേ പഴയ മുഖങ്ങൾ കണ്ട് ഞങ്ങൾ മടുത്തു,” തിങ്കളാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുത്ത, ഇരുപത്തേഴുകാരനായ ആർട്ടിഫിഷൽ ഇന്റലിജൻസ് എൻജിനിയർ യുഗന്ത് ഘിമിരേ പറഞ്ഞു.“സർക്കാർ ഒരു അധികാരഭ്രമത്തിലാണ്, വ്യാപകമായ അഴിമതിയുണ്ട്, ആർക്കും ഒരു ഉത്തരവാദിത്വവുമില്ല,” ഘിമിരേയുടെ ആത്മരോഷം നേപ്പാളി യുവത്വത്തിന്റേതായി മാറുന്നു.
ഞങ്ങൾ സോഷ്യൽ മീഡിയ നിരോധനത്തിനെതിരേ മാത്രമല്ല പ്രതിഷേധിച്ചത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും പതിറ്റാണ്ടുകളായുള്ള വഞ്ചനയ്ക്കും എതിരേയാണ് നിന്നത്.
വെറും 30 ദശലക്ഷം ജനങ്ങളുള്ള ഒരു രാജ്യത്ത്, എല്ലാ ദിവസവും ഏകദേശം 5,000 യുവാക്കൾ വിദേശത്തേക്ക് പോകുന്നു. കാരണം ഇവിടെ ജോലിയോ, മാന്യമായ ശമ്പളമോ, അടിസ്ഥാന ജീവിതസൗകര്യങ്ങളോ ഇല്ല.- പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള യുവാക്കൾ പറയുന്നു.
അതേസമയം, സമരത്തെ നിസാരവത്കരിക്കുകയും പരിഹസിക്കുകയുമായിരുന്നു പ്രധാനമന്ത്രി കെ.പി. ശർമ ഒലി. “വെറുതെ ജെൻ ഇസെഡ് എന്ന് പറഞ്ഞാൽ ഒരാൾക്ക് എന്തും ചെയ്യാം, നിങ്ങൾക്ക് ഇഷ്ടമല്ലെന്നു പറഞ്ഞാൽ മാത്രം മതി” എന്നാണ് ഒലി ഞായറാഴ്ച പാർട്ടി കേഡർമാരോട് പറഞ്ഞത്. എന്നാൽ ഇത് തിരിച്ചടിക്കുകയും പ്രധാനമന്ത്രിയുടെ രാജിയിൽ കലാശിക്കുകയും ചെയ്തു.
ഒത്തുതീർപ്പില്ലാത്ത ആവശ്യങ്ങളുമായി പ്രക്ഷോഭം ശക്തമാകുകയാണ്. പാർലമെന്റ് പിരിച്ചുവിടുക, പാർലമെന്റ് അംഗങ്ങൾ കൂട്ടത്തോടെ രാജിവയ്ക്കുക, പ്രതിഷേധക്കാർക്കു നേരേ വെടിവയ്ക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യുക, പുതിയ തെരഞ്ഞെടുപ്പു നടത്തുക എന്നിവ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.