റൂപർട്ട് മർഡോക്കിന്റെ മാധ്യമസാമ്രാജ്യം മൂത്തമകൻ ഏറ്റെടുക്കും
Wednesday, September 10, 2025 2:20 AM IST
ന്യൂയോർക്ക്: റൂപർട്ട് മർഡോക്കിന്റെ മാധ്യമ സാമ്രാജ്യവുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന തർക്കങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ച് അദ്ദേഹത്തിന്റെ കുടുംബം.
ന്യൂസ് കോർപ് തിങ്കളാഴ്ച പ്രഖ്യാപിച്ച കരാറിലൂടെ, ഫോക്സ് ന്യൂസ്, ദി വാൾ സ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് പോസ്റ്റ്, ദി ടൈംസ് എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മാധ്യമസാമ്രാജ്യം മൂത്തമകനായ ലാച് ലാൻ മർഡോക്ക് ഏറ്റെടുക്കും. ഇതോടെ ഫോക്സ് ന്യൂസ് അതിന്റെ കൺസർവേറ്റീവ് ചായ് വ് നിലനിർത്തും.
ഫോക്സ് കോർപിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ, ന്യൂസ് കോർപിന്റെ ചെയർമാൻ എന്നീ നിലകളിൽ ലാച് ലാൻ പ്രവർത്തിച്ചിട്ടുണ്ട്. വിഷയത്തിൽ തങ്ങളുടെ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ മൂത്ത സഹോദരങ്ങളായ എലിസബത്ത് മർഡോക്ക്, പ്രുഡൻസ് മക് ലോയ്ഡ്, ജയിംസ് മർഡോക് എന്നിവർ തയാറായിട്ടുണ്ട്.
ഇവരുടെ ഓഹരികൾ വിറ്റഴിച്ചതിനുശേഷം 1.37 ബില്യൺ ഡോളർ ഇവർക്ക് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലാച് ലാൻ മർഡോക്കിന്റെ നേതൃത്വവും കന്പനിയുടെ തന്ത്രങ്ങളും വിജയവും നിർണയിക്കുന്നതിൽ തുടർന്നും പ്രധാന പങ്കു വഹിക്കുമെന്ന് ന്യൂസ് കോർപ് പ്രതികരിച്ചു.