കോടികളുടെ ഫണ്ട് നഷ്ടം!! കാർബൺ വിപണനത്തിനു വഴിയൊരുക്കാതെ അവലോകന സർട്ടിഫിക്കറ്റ്
Wednesday, September 10, 2025 2:20 AM IST
വൈ.എസ്. ജയകുമാർ
കണ്ണൂർ: സംസ്ഥാനത്തെ റബർ, കാപ്പി, ഏലം, നാളികേര കർഷകർക്കും സംസ്ഥാന സർക്കാരിനു കീഴിലെ ഫാമുകൾക്കും കാർബൺ വിപണനത്തിലൂടെ ലഭിക്കാവുന്ന കോടികളുടെ ഫണ്ട് കൃഷി വകുപ്പ് നിശ്ചയിച്ച നോഡൽ ഏജൻസിയായ കേരള കാർഷിക സർവകലാശാലയുടെ പിടിപ്പുകേട് കാരണം നഷ്ടമാകുന്നു.
കാർബൺ അവലോകനം കാർഷിക സർവകലാശാല ഏറ്റെടുത്ത ശേഷം കൃഷി വകുപ്പിനു കീഴിലെ ഫാമുകൾക്കു കാർബൺ തുലന സർട്ടിഫിക്കറ്റ് നൽകുന്നതിൽ മാത്രമായി പദ്ധതി ഒതുക്കുകയാണ്.
വികസിത രാജ്യങ്ങൾ പുറന്തള്ളുന്ന കാർബണിനു പകരമായി വികസ്വര രാജ്യങ്ങളിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനു ജപ്പാനിലെ ക്യോട്ടോയിൽ 1997ൽ നടന്ന കാലാവസ്ഥാ ഉടന്പടി പ്രകാരം നിലവിൽ വന്നതാണ് കാർബൺ വിപണി.
ഒരു മെട്രിക് ടൺ കാർബൺ പുറന്തള്ളുന്നതിനു പകരം ലഭിക്കുന്നതാണ് ഒരു കാർബൺ ക്രെഡിറ്റ്. അന്തരീക്ഷത്തിൽനിന്നു കാർബൺ നീക്കം ചെയ്യുന്നതോ ഒഴിവാക്കുന്നതോ വേർതിരിച്ച് ഇല്ലാതാക്കുന്നതോ പദ്ധതിയിൽ ഉൾപ്പെടുത്താം. ഇത്തരം ഒരു കാർബൺ ക്രെഡിറ്റ് യൂണിറ്റിന് 700 മുതൽ 1500 രൂപവരെയാണു വില. കാർബൺ വിപണനം നടത്തണമെങ്കിൽ ഏതെങ്കിലും അന്താരാഷ്ട്ര ഏജൻസിയുമായി ലിങ്ക് ചെയ്ത് കാർബൺ നിർണയം നടത്തണം.
നിർണയം നടത്തിയ ഓരോ കാർബൺ ക്രെഡിറ്റ് യൂണിറ്റും അന്താരാഷ്ട്ര കന്പനി വാങ്ങണം. എന്നാൽ മാത്രമേ കർഷകനോ സർക്കാർ ഫാമുകൾക്കോ കാർബൺ ക്രെഡിറ്റ് യൂണിറ്റുകളുടെ വില്പന വഴി പണം ലഭിക്കുകയുള്ളൂ.
അതേസമയം, കാർബൺ ട്രേഡിംഗിനു കൃഷി വകുപ്പ് നിയോഗിച്ച കേരള കാർഷിക സർവകലാശാല കർഷകരുടെ തോട്ടങ്ങളെയും കൃഷിയിടങ്ങളെയും കാർബൺ അവലോകനത്തിൽനിന്ന് ഒഴിവാക്കി പദ്ധതിയെ അട്ടിമറിക്കുകയായിരുന്നു. പദ്ധതി പ്രകാരം കൃഷി വകുപ്പിനു കീഴിലെ 13 ഫാമുകളിൽ കാർബൺ അവലോകനത്തിനു തുടക്കം കുറിച്ചു. ഇതിൽ ആലുവയിലെ ഒക്കൽ ഫാമിനു മാത്രം കാർബൺ തുലന സർട്ടിഫിക്കറ്റ് നൽകി. മറ്റിടങ്ങളിൽ അവലോകനം പാതിവഴിയിലാണ്.
കാർഷിക സർവകലാശാലയിലെ വെള്ളാനിക്കര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജാണ് കാർഷിക സർവകലാശാലയ്ക്കുവേണ്ടി കാർബൺ അവലോകനം നടത്തുന്നത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ് അവലോകന ചുമതല. പദ്ധതി നടത്തിപ്പിനായി ഓസ്ട്രേലിയയിൽ നിന്നുവരെ ശാസ്ത്രജ്ഞർ എത്തി ക്ലാസ് നൽകി.
സർക്കാർ ഫണ്ട് കൈക്കലാക്കിയ കാർഷിക സർവകലാശാല സംസ്ഥാനത്തെ കർഷകരെ പദ്ധതിയിൽനിന്നൊഴിവാക്കുകയും കൃഷി വകുപ്പിനു കീഴിലെ ഫാമുകളിൽ കാർബൺ അവലോകനം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതു മാത്രമായി പദ്ധതിയെ ഒതുക്കുകയും ചെയ്തു.
സർക്കാർ നൽകിയ വലിയ തുക മുടക്കി കൃഷി വകുപ്പിന്റെ ഫാമുകളിൽ കാർബൺ അവലോകനം നടത്തിയെങ്കിലും ഒരു യൂണിറ്റ് കാർബൺ പോലും അന്താരാഷ്ട്ര വിപണിയിൽ വിറ്റ് സംസ്ഥാനത്തിനു പണം ലഭിക്കില്ല. സർക്കാരിന്റെ കാർബൺ ക്രെഡിറ്റ് പദ്ധതി സർക്കാരിനു പണം നഷ്ടമാകുന്ന പദ്ധതിയായി മാറുകയാണ്. കർഷകരുടെ കൃഷിയിടങ്ങളിലെ കാർബൺ ക്രെഡിറ്റിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന പദ്ധതി കാർഷിക സർവകലാശാലയ്ക്ക് ഫണ്ട് കൈക്കലാക്കാനുള്ള അവസരമായി മാത്രം മാറുകയും ചെയ്യുന്നു.
പരിസ്ഥിതി സൃഹൃദ കൃഷിരീതികൾ അനുവർത്തിക്കുന്ന ഒരു കർഷകന് ഒരു വർഷം ഒരു ഹെക്ടറിൽ നിന്ന് ശരാശരി രണ്ടു മുതൽ ആറുവരെ കാർബൺ ക്രെഡിറ്റ് സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. എങ്കിൽ കർഷകന് ഒരു കാർബൺ ക്രെഡിറ്റ് വില്പനയിലൂടെ യൂണിറ്റിന് 700 മുതൽ 1,500 രൂപവരെയുള്ള വില പ്രകാരം ഒരു ഹെക്ടറിൽ നിന്ന് 1,400 മുതൽ 9,000 രൂപവരെ ലഭിക്കും.
അന്താരാഷ്ട്ര ബന്ധമുള്ള ഏജൻസിയെ ഏല്പിച്ച് കാർബൺ അവലോകനവും കാർബൺ വില്പനയും നടത്തേണ്ട പദ്ധതി കേരള കാർഷിക സർവകലാശാലയെ ഏല്പിച്ചത് കൃഷി ഡയറക്ടറേറ്റിന്റെ പിടിപ്പുകേടായാണു വിലയിരുത്തുന്നത്.
സർക്കാർ ഫാമുകളിൽ കാർബൺ അവലോകനം നടത്തുന്നത് കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിലവിലെ തസ്തികയിൽ തുടർന്നുകൊണ്ടാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതിയാക്കി ഡയറക്ടറേറ്റിലെ ഉന്നതർ പദ്ധതിയെ മാറ്റിയെടുക്കുകയായിരുന്നു.