തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ കാലം കഴിഞ്ഞു: ബിനോയ് വിശ്വം
Wednesday, September 10, 2025 2:21 AM IST
ജോസ് ആൻഡ്രൂസ്
കോട്ടയം: ചണ്ഡിഗഡിലെ 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സിപിഐ ഇന്ന് ആലപ്പുഴയിൽ സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കെ, കമ്യൂണിസത്തിന്റെ അടിസ്ഥാന മുദ്രാവാക്യമായ തൊഴിലാളിവർഗ സർവാധിപത്യം കാലഹരണപ്പെട്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിരീക്ഷണത്തിനു രാഷ്ട്രീയ പ്രാധാന്യമേറി.
തൊഴിലാളിവർഗ സർവാധിപത്യമെന്ന മുദ്രാവാക്യം ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ട ലോകസാഹചര്യം മാറിപ്പോയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ദീപിക വാർഷികപ്പതിപ്പിലെ ജനാധിപത്യ ചർച്ചയിലാണ് അദ്ദേഹം ഇതെഴുതിയത്. തൊഴിലാളിവർഗ പാർട്ടിക്കു വഴങ്ങുന്നതാണോ ജനാധിപത്യമെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.
തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ കാലം മാറി. അന്നത്തെ വർഗ ബന്ധങ്ങൾ മാറി. പുതിയ കാലഘട്ടം ഉണ്ടായിരിക്കുന്നു. അങ്ങനെയൊരു കാലഘട്ടത്തെ എങ്ങനെയാണു നിർവചിക്കുന്നതെന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടിപരിപാടിയിൽ വ്യക്തമാക്കുന്നുണ്ട്.
ചൂഷണത്തിന്റെയും അതിരറ്റ ലാഭക്കൊതിയുടെയും വ്യവസ്ഥിതിയിൽ, മാറ്റം കൊതിക്കുന്ന എല്ലാ വിഭാഗങ്ങളുമായും സമരങ്ങളിൽ കൈ കോർക്കേണ്ടിവരും. അത്തരമൊരു കൈകോർത്തുപിടിക്കലിന്റെ ഘട്ടത്തിൽ തൊഴിലാളി വർഗത്തിന്റെ പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം വർഗസർവാധിപത്യത്തിനുവേണ്ടി ഉണ്ടാക്കേണ്ട സമരസഖ്യത്തിന്റെ സാധ്യതയെ അതു പരിമിതപ്പെടുത്തുന്നു.
തൊഴിലാളിവർഗ സർവാധിപത്യമെന്നതു നേരത്തേ മാറ്റിയതാണ്. 1958ലെ അമൃത്സർ പാർട്ടി കോൺഗ്രസിലാണ് ഈ മാറ്റമുണ്ടായത്. ഇപ്പോൾ തൊഴിലാളിവർഗ സർവാധിപത്യമെന്നൊരു മുദ്രാവാക്യമില്ല. ലോകസാഹചര്യം മാറി.
അത്തരം മാറ്റങ്ങൾ ഉൾക്കൊണ്ടു മാത്രമേ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമല്ല ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പ്രവർത്തിക്കാനാകൂ.കമ്യൂണിസവും ജനാധിപത്യവും ഒന്നിച്ചുകൊണ്ടുപോകുന്നതു താത്കാലികമാണോ എന്ന ചോദ്യത്തിന്, ഒരിക്കലുമല്ലെന്നാണ് പാർട്ടി സെക്രട്ടറിയുടെ മറുപടി.
കമ്യൂണിസ്റ്റ് പാർട്ടിയിലേതുപോലെ ജനാധിപത്യബോധമുള്ള പാർട്ടി വേറെയില്ല. കോൺഗ്രസ് നേതാക്കളെ മുകളിൽനിന്നു കെട്ടിയിറക്കുകയാണ്. അവിടെ ജനാധിപത്യം നിഷേധിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളന കാലഘട്ടത്തിലാണ് അതതു രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പ്രമേയവും ചർച്ചയും നടക്കുന്നത്.
ഏതു പാർട്ടി അംഗത്തിനും പങ്കെടുക്കാം. ചർച്ചയ്ക്കു മുന്പുതന്നെ രാഷ്ട്രീയ പ്രമേയത്തിന്റെ കരടുരേഖ പ്രസിദ്ധീകരിക്കും. അതാണ് ജനാധിപത്യം. സിപിഎം നിലപാടിനു വിരുദ്ധമായി, ബിജെപി അടിമുടി ഫാസിസ്റ്റാണെന്നും രാജ്യത്തെ ഇടതു പ്രസ്ഥാനങ്ങളുടെ ഒന്നാം നന്പർ ശത്രുവാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
തൊഴിലാളിവർഗ സർവാധിപത്യമെന്നാൽ യഥാർഥത്തിൽ തൊഴിലാളിവർഗ ജനാധിപത്യമാണെന്ന തന്ത്രപരമായ മറുപടിയാണ് ഇതേ ചോദ്യത്തിനുള്ള മറുപടിയായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി എഴുതിയത്.
ഇന്ത്യയെ കമ്യൂണിസ്റ്റ് രാജ്യമാക്കാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വാർഷികപ്പതിപ്പിലെ ജനം, ജനാധിപത്യം, രാഷ്ട്രീയം എന്ന ചർച്ചയിൽ നേതാക്കളും വിദഗ്ധരും കഥാകൃത്തുക്കളും ഉൾപ്പെടെ 16 പേരാണ് എഴുതിയിട്ടുള്ളത്.