ബോംബ് നിർമാണ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം
Wednesday, September 10, 2025 2:20 AM IST
തലശേരി: ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായ സംഭവത്തിലെ പ്രതിയെ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായി നിയോഗിച്ച് സിപിഎം.
പാനൂർ ചെണ്ടയാട് മൂളിയത്തോടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ അമൽബാബുവിനെയാണു മീത്തലെ കുന്നോത്ത് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
2024 ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഫോടനത്തിൽ മുളിയാത്തോട് സ്വദേശി ഷെറിൽ മരിക്കുകയും മറ്റു മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസന്വേഷണത്തിൽ അന്ന് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമൽ ബാബു സ്ഫോടന ശേഷം ബാക്കിയായ ബോംബുകൾ ഒളിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അമൽബാബു ഉള്‍പ്പെടെ 12 പേർക്കെതിരേയായിരുന്നു പോലീസ് കേസെടുത്തത്. സ്ഫോടനക്കേസിലെ പ്രതികൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുൾപ്പെടെ യുള്ളവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അമൽബാബു സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയതെന്നായിരുന്നു എം.വി. ഗോവിന്ദന്റെ വിശദീകരണം.