വരുമാനത്തില്‍ ചരിത്രനേട്ടവുമായി കെഎസ്ആര്‍ടിസി
Wednesday, September 10, 2025 2:21 AM IST
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി. തിങ്കളാഴ്ച മാത്രം കെഎസ്ആര്‍ടിസിക്കു ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനമാണ്. ഒറ്റ ദിവസം ഇത്രയും കളക്ഷന്‍ ആദ്യമാണ്. ഓണം കഴിഞ്ഞ് കേരളത്തിനകത്തും പുറത്തും നിന്നുള്ള യാത്രികരുടെ എണ്ണം വര്‍ധിച്ചതാണ് ഈ നേട്ടത്തിനു കാരണമായത്.
മുന്‍പ് 2024 ഡിസംബര്‍ 23ന് ശബരിമല സീസണില്‍ നേടിയ ടിക്കറ്റ് വരുമാനമായ ആയ 9.22 കോടി രൂപ എന്ന നേട്ടത്തയാണ് തിങ്കളാഴ്ച മറികടന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14ന് നേടിയ ഏറ്റവും കൂടിയ വരുമാനം 8.29 കോടി രൂപയായിരുന്നു ഇതുവരെയുള്ള ഓണക്കാല സര്‍വകാല റെക്കോഡ്.
കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി സമര്‍പ്പിതമായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരോടും കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാരോടും പിന്തുണ നല്കിയ ഓരോരുത്തരോടും കെഎസ്ആര്‍ടിസിയുടെ പേരില്‍ നന്ദി അറിയിക്കുന്നതായി ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
റിക്കാര്‍ഡ് വരുമാനത്തിനു പിന്നാലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ട് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഫേസ്ബുക്ക് കുറിപ്പ് ഇറക്കി.