നടി മാഫിയ തടവിലെന്ന് സനല്‍കുമാര്‍ ശശിധരന്
Wednesday, September 10, 2025 2:20 AM IST
കൊച്ചി: തനിക്കെതിരേ പരാതി നല്കിയ നടിയെ ഒരു മാഫിയ തടവില്‍ വച്ചിരിക്കുകയാണെന്നും അവരാണു തനിക്കെതിരായ കേസിനു പിന്നിലെന്നും സംവിധായകന് സനല്‍കുമാര്‍ ശശിധരന്.
നടിയുമായി മാനസികമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തി അകറ്റാനാണു കേസ് കൊടുക്കുന്നത്. അതേ രീതിയാണ് എന്റെ കാര്യത്തിലും. ഞാന്‍ കുറ്റം ചെയ്തിട്ടുമില്ല, നടി പരാതി കൊടുത്തിട്ടുമില്ല.
നടി അഭിനയിച്ച് ഞാന്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതു പുറത്തിറങ്ങാത്തതു സംബന്ധിച്ച് തിരക്കുമ്പോള്‍ മിണ്ടരുത്, സംസാരിക്കരുത് എന്ന സമീപനമാണ് ഇതിനു പിന്നിലുള്ളവരുടേത്. ഞാന്‍ സ്ഥിരം കുറ്റവാളിയാണെന്നും പിന്തുടര്ന്ന് ശല്യപ്പെടുത്തുന്ന ആളാണെന്നും മാനസികരോഗമാണെന്നും പറയുന്നു.
എനിക്കെതിരേ ട്രാന്‍സിറ്റ് വാറന്റോ, ലുക്കൗട്ട് നോട്ടീസോ ഇല്ല. 2022ല്‍ എന്നെ ആരുമറിയാതെ പിടിച്ചുകൊണ്ടുപോയി കൊന്നുകളയാനുള്ള ശ്രമം നടന്നു. ഇന്നലെയും അതുതന്നെയാണ് നടന്നത്. നടി കോടതിയില്‍ വന്ന് മൊഴി കൊടുത്താല്‍ ഞാന്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് തെളിയുമെന്നും സനല്‍കുമാര്‍ പറഞ്ഞു.
അതേസമയം നടിയുടെ പരാതിയില്‍ എളമക്കര പോലീസ് അറസ്റ്റ് ചെയ്ത സനല്‍കുമാര്‍ ശശിധരന് ആലുവ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി–2 ജാമ്യം അനുവദിച്ചു.
പിന്തുടര്ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എളമക്കര പോലീസ് സനല്‍കുമാര്‍ ശശിധരനെതിരേ കഴിഞ്ഞ ജനുവരിയിലാണ് കേസെടുത്തത്.