നേപ്പാള്‍ പ്രക്ഷോഭത്തില്‍ കുടുങ്ങി 40 അംഗ മലയാളിസംഘം
Wednesday, September 10, 2025 2:21 AM IST
മുക്കം (കോഴിക്കോട്): സാമൂഹികമാധ്യമ നിരോധനത്തിനെതിരേ നേപ്പാളില്‍ ഉടലെടുത്ത "ജെൻ സി’പ്രക്ഷോഭത്തില്പ്പെട്ട് കേരളത്തില്‍നിന്നു പോയ വിനോദസഞ്ചാരികള്‍. മലയോര മേഖലയില്‍നിന്നു കോഴിക്കോട്ടെ ഒരു ടൂറിസം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പോയ 40 അംഗ സംഘമാണു യാത്രാമധ്യേ കുടുങ്ങിയത്.
കോഴിക്കോട് ജില്ലയിലെ മുക്കം, കൊടിയത്തൂര്‍ കൊടുവള്ളി എന്നിവിടങ്ങളില്‍നിന്നുള്ളവരും മലപ്പുറം ജില്ലയില്നിന്നുള്ളവരുമാണു സംഘത്തിലുള്ളത്. കാഠ്മണ്ഡുവിനുസമീപമുള്ള ഗോശാലയിലാണ് ഇവര്‍ നിലവിലുള്ളത്. റോഡില്‍ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാല്‍ ഇവര്‍ക്ക് മുന്നോട്ടു പോകാനായിട്ടില്ല. താത്കാലികമായി ഇവരെ ഒരു ഹോട്ടലിലേക്കു മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ഞായാറാഴ്ചയാണു കോഴിക്കോട്ടുള്ള ഒരു ട്രാവല്‍സ് മുഖാന്തിരം ഈ സംഘം നേപ്പാളിലേക്കു പോയത്. ഇവരോട് തത്കാലം പുറത്തിറങ്ങരുതെന്നു പോലീസ് നിര്‍ദേശം നല്കി ഹോട്ടല്‍മുറികളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 14ന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു യാത്ര ഷെഡ്യൂള്‍ ചെയ്തിരുന്നത്.
എങ്ങും ഭയാനക അന്തരീക്ഷം
ഞായറാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള സംഘം യാത്രതിരിച്ചത്. ബസ് മാര്‍ഗം ബംഗളൂരുവിലെത്തിയ സംഘം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനുള്ള വിമാനത്തില്‍ എട്ടുമണിയോടെ നേപ്പാളിലെത്തി. ആദ്യദിവസം കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നു മുക്കത്തെ വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ ബക്കര്‍ കളര്‍ ബലൂണ്‍ പറഞ്ഞു.
ചൊവ്വാഴ്ച പൊക്രയിനിലേക്കു പോകുന്നതിനായുള്ള യാത്രക്കിടെയാണ് കാഠ്മണ്ഠുവിനു സമീപം കലാപകാരികള്‍ ബസ് തടഞ്ഞ് യാത്ര തടസപ്പെടുത്തിയത്. ഇതോടെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ പെരുവഴിയില്‍ കുടുങ്ങുകയായിരുന്നു.
ഈ സമയം നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ് തങ്ങളുടെ കണ്മുന്നില്വച്ച് യുവാക്കളടക്കമുള്ള പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കിയതെന്ന് ബക്കര്‍ പറഞ്ഞു. റോഡിലാകെ ടയര്‍ കൂട്ടിയിട്ട് കത്തിക്കുന്ന ഭീകരമായ അവസ്ഥ. പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുപോലും യാതൊരു രക്ഷയുമില്ല. അവരും നിസ്സഹായരായിരുന്നുവെന്നും ബക്കര്‍ പറഞ്ഞു.