വീട്ടിലെ പ്രസവം: അന്വേഷണം തുടങ്ങി
Wednesday, September 10, 2025 2:20 AM IST
ചെറുതോണി: യുവതി വീട്ടിൽ പ്രസവിക്കാനും നവജാത ശിശു മരിക്കാനും ഇടയായ സാഹചര്യം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി- ആനക്കൊമ്പന് സ്വദേശി ചാലക്കരപുത്തന്‍വീട്ടില്‍ പാസ്റ്റര്‍ ജോണ്‍സന്റെ ഭാര്യ വിജിയാണ് വീട്ടിൽ പ്രസവിച്ചത്. ശിശു പ്രസവത്തിനു മുമ്പുതന്നെ മരിച്ചിരുന്നുവെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അന്ധവിശ്വാസം മൂലം ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഭര്‍ത്താവ് സമ്മതിക്കാത്തതു മൂലമാണ് യുവതി വീട്ടിൽ പ്രസവിക്കാനിടയായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. രക്തസ്രാവം മൂര്‍ഛിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ച വിജി അപകടനില തരണം ചെയ്തു. ഇവർക്ക് 13ഉം എട്ടും അഞ്ചും പ്രായക്കാരായ മൂന്നു കുട്ടികൾ കൂടിയുണ്ട്. ഈ കുട്ടികളെ ഇതുവരെ സ്കൂളിൽ ചേർത്തിട്ടില്ല. ഇതേക്കുറിച്ച് ചൈൽഡ് ലൈൻ അന്വേഷിക്കും.
വാഴത്തോപ്പ് പിഎച്ച്സിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഇവരുടെ വീട്ടിലെത്തി പൂർണ ഗർഭിണിയായ വിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവര്‍ അനുസരിക്കാത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10.30ന് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ വീണ്ടും ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് പ്രസവം കഴിഞ്ഞെന്നും കുഞ്ഞ് മരിച്ചെന്നും വിജി രക്തസ്രാവം മൂര്‍ഛിച്ച് ഗുരുതരാവസ്ഥയിലാണെന്നും അറിയുന്നത്.
ഇവരെ ആശുപത്രിയിലേക്കു മാറ്റാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഇവര്‍ തയാറായില്ല. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടുക്കി പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ബലമായി വിജിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.