പീച്ചി മുൻ എസ്ഐക്കെതിരേ വീണ്ടും മർദന ആരോപണം
Wednesday, September 10, 2025 2:21 AM IST
മണ്ണുത്തി: പീച്ചി മുന്‍ എസ്ഐ രതീഷിനെതിരേ വീണ്ടും കസ്റ്റഡിമര്ദന ആരോപണം. കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചുവെന്നു വില്ലേജ് അസിസ്റ്റന്റ് അസര്‍ പറഞ്ഞു.
വ്യാജപരാതിയുടെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചു. ഭാര്യയോടു മോശമായി പെരുമാറി. കള്ളക്കേസിനുപിന്നാലെ ജോലി നഷ്ടമായ അസറിനു നിയമപോരാട്ടത്തിനുശേഷമാണ് ജോലി തിരികെ ലഭിച്ചത്.
നവംബറില്‍ രതീഷ് മണ്ണുത്തി എസ്ഐ ആയിരിക്കെയാണ് വില്ലേജ് അസിസ്റ്റന്റായ അസറിനെ മര്‍ദിക്കുന്നത്. വ്യാജപരാതി ലഭിച്ചതിനുപിന്നാലെ അസറിനെയും കുടുംബത്തെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്നാണ് അസറിന്റെ ആരോപണം. മര്‍ദനത്തിനുപിന്നാലെ അസറിനെ പ്രതിയാക്കി കേസുമെടുത്തു.
ക്രിമിനല്‍ കേസില്‍ പ്രതിയായതോടെ അസറിനെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തി. രതീഷ് ജില്ലാ കളക്ടര്‍ക്കു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പോലീസ് മര്‍ദനത്തില്‍ രതീഷിനെതിരേ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പകരം രതീഷ് ഭീഷണി തുടര്‍ന്നു.
കള്ളക്കേസിനുപിന്നാലെ ജോലി നഷ്ടമായ അസര്‍ ഇതിനിടെ കോടതിയെ സമീപിച്ചു. മൂന്നുവര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം ജോലി തിരികെ ലഭിച്ചു. എന്നാല്‍ തന്നെ മര്‍ദിച്ച രതീഷിനെതിരേ ഒരു നടപടിയും ഉണ്ടായില്ല എന്നാണ് അസറിന്റെ ആരോപണം.