വന്യമൃഗ ആക്രമണത്തിൽനിന്നു സംരക്ഷണം; കരട് ബില്ലിൽ ചോദ്യങ്ങളെഴുതി ചീഫ് സെക്രട്ടറി
Wednesday, September 10, 2025 2:21 AM IST
തിരുവനന്തപുരം: വന്യമൃഗ ആക്രമണം തടയാനായി കേന്ദ്ര നിയമത്തിൽ ഭേദഗതി നിർദേശിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയ കരടു ബില്ലിൽ അടക്കം ചോദ്യങ്ങൾ ഉന്നയിച്ച് ചീഫ് സെക്രട്ടറി.
വിവിധ വകുപ്പുകളും മന്ത്രിമാരും പരിശോധിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയ ബില്ലിന്റെ കരടിൽ ചീഫ് സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ച് കുറിപ്പെഴുതിയതിലെ അതൃപ്തി പരസ്യമാക്കി മന്ത്രിമാർ.
ഇന്നലെ ഓണ്ലൈനായി ചേർന്ന മന്ത്രിസഭായോഗത്തിലാണ് ചീഫ് സെക്രട്ടറിയുടെ നടപടിയിലെ അതൃപ്തി മന്ത്രിമാർ പ്രകടമാക്കിയത്. ഇതേ തുടർന്ന് ബില്ലുകൾ മാത്രം പരിഗണിക്കുന്നതിനായി 13നു പ്രത്യേക മന്ത്രിസഭായോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
മനുഷ്യ ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാനായി കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ സംസ്ഥാനം ഭേദഗതി വരുത്താൻ നിർദേശിക്കുന്ന ബില്ലിന്റെ കരടാണ് കഴിഞ്ഞ രണ്ടാഴ്ചയായി മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയിട്ടും അംഗീകരിക്കാതിരുന്നത്.
കഴിഞ്ഞ ആഴ്ച മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയ ബില്ലിന്റെ കരടിൽ കൂടുതൽ പഠനം വേണമെന്ന മന്ത്രിമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചു. തുടർന്നാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ എത്തിയത്.
ഇതിൽ വനത്തിനുള്ളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടുമോ തുടങ്ങിയ ചോദ്യങ്ങൾ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച ഫയലിൽ രേഖപ്പെടുത്തിയതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ഇതേ തുടർന്നാണ് ബില്ലുകൾ ചർച്ച ചെയ്യുന്നതിനു മാത്രമായി 13നു പ്രത്യേക മന്ത്രിസഭായോഗം വിളിച്ചു ചേർക്കാമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ടു വച്ചത്.
മുൻപ് മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ 15-18 ഇനങ്ങൾ വരെ ഉൾപ്പെടുത്തുമായിരുന്നുവെന്നും ഇപ്പോൾ നാലും അഞ്ചും ഇനങ്ങൾ മാത്രമാണ് അജൻഡയിൽ ഉൾപ്പെടുത്തുന്നതെന്നുമുള്ള വിമർശനവും മന്ത്രിമാർക്കുണ്ട്.
വരുന്ന 15നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വന്യമൃഗ ആക്രമണം തടയാനായി കേന്ദ്ര നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന ബില്ലിന്റെ കരടാണ് മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നത്. ഇതോടൊപ്പം പട്ടയഭൂമിയിൽ കർഷകൻ നട്ടുപിടിപ്പിച്ച ചന്ദനം മുറിച്ചു വനം വകുപ്പു വഴി വിൽപന നടത്താൻ നിർദേശിക്കുന്ന നിയമഭേദഗതി ബില്ലിലും ചീഫ് സെക്രട്ടറി കുറിപ്പെഴുതി.
ചന്ദനമരം മുറിക്കുന്നത് എങ്ങനെ? മുറിച്ച ചന്ദനമരം കൊണ്ടുപോകുന്നത് എങ്ങനെ? ഇതിന്റെ വിൽപന എങ്ങനെ നടത്തും? തുടങ്ങിയ ചോദ്യങ്ങളാണ് ചീഫ് സെക്രട്ടറിയുടെ കുറിപ്പിലുള്ളത്. ഇത്തരം കാര്യങ്ങൾ ബിൽ പാസാക്കിയ ശേഷം ചട്ടം രൂപീകരിക്കുന്പോഴാണ് വിശദീകരിക്കുന്നതെന്നാണു മന്ത്രിമാരുടെ പക്ഷം.
നട്ടുപിടിപ്പിച്ച ചന്ദനമരം മുറിച്ചു മാറ്റാൻ കഴിയാതെ കർഷകൻ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതി ബില്ലിന്റെ കരട് മന്ത്രിസഭയുടെ അനുമതിക്കായി കൊണ്ടുവന്നത്.
ഇക്കോ ടൂറിസം വികസനത്തിനായി ബോർഡ് രൂപീകരിക്കാൻ നിർദേശിക്കുന്ന ബില്ലിലും ചീഫ് സെക്രട്ടറി കുറിപ്പെഴുതി. കേന്ദ്ര ബില്ലിന്റെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളും ഇക്കോ ടൂറിസം ബോർഡ് രൂപീകരിക്കണമെന്നു നിർദേശിച്ചതിനെ തുടർന്നാണ് നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. ഇക്കോടൂറിസം വികസന നിധി രൂപീകരിക്കുന്നതും ബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വനത്തിനുള്ളിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ വനേതര പ്രദേശത്ത് എത്തുന്പോഴും ഇതേ മാതൃകയാണോ സ്വീകരിക്കുക തുടങ്ങിയ ചോദ്യങ്ങളും ചീഫ് സെക്രട്ടറി ഉന്നയിച്ചിട്ടുണ്ട്.
മന്ത്രിസഭ അംഗീകരിക്കുന്ന കരട് ബിൽ നിയമസഭയിൽ എത്തിക്കാൻ കടന്പകളേറെ
മന്ത്രിസഭ അംഗീകരിക്കുന്ന കരട് ബിൽ നിയമസഭയിൽ എത്തിക്കണമെങ്കിൽ കടന്പകളേറെ. കരടു ബില്ലിന്റെ ഉദ്ദേശ്യകാരണങ്ങൾ അടക്കം വിശദീകരിച്ചു നിയമവകുപ്പു പ്രത്യേക കുറിപ്പു തയാറാക്കണം. മലയാളത്തിൽ തയാറാക്കിയ ബില്ലിന്റെ ഇംഗ്ലീഷ് പരിഭാഷ ഒരുക്കണം. പരിഭാഷ ഉൾപ്പെടെയുള്ള ബില്ലിന്റെ കരട് ഗവർണറുടെ മുൻകൂർ അനുമതിക്കായി നൽകണം.
ഗവർണറുടെ മുൻകൂർ അനുമതി നേടിയാൽ മാത്രമേ ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാകൂ. കണ്കറന്റ് ലിസ്റ്റിൽ (സമവർത്തിത്വ പട്ടിക) ഉൾപ്പെട്ട ബില്ലിന്റെ ഭേദഗതിയായതിനാൽ ഗവർണർ കേന്ദ്രത്തിലെ ബന്ധപ്പെട്ട വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസിനായി അയയ്ക്കേണ്ടതുമുണ്ട്.