ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; രണ്ടു പ്രതികള്‍ക്കു ജാമ്യം
Wednesday, September 10, 2025 2:20 AM IST
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ രണ്ടു പ്രതികള്‍ക്കു ജാമ്യം. കേസിലെ അഞ്ചും ആറും പ്രതികളായ മുന്‍ എംഎല്‍എ എം.സി. കമറുദീന്, ടി.പി. പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കാസര്‍ഗോഡ് ചെറുവത്തൂരിലെ ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പു കേസില്‍ 2025 ഏപ്രില്‍ ഏഴിന് ഇഡി അറസ്റ്റ് ചെയ്ത ഇരുവരും 155 ദിവസത്തോളമായി കസ്റ്റഡിയിലാണെന്നതടക്കം വിലയിരുത്തിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആള് ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം.
സ്വര്‍ണവ്യാപാരത്തിനായി 2006 മുതല്‍ 2008 വരെയായി നാലു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതു നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സമാഹരിച്ച തുകയില്‍ 20 കോടിയോളം രൂപ വകമാറ്റിയെന്നും ഇഡി ആരോപിച്ചു.
വഞ്ചിക്കുകയെന്ന ഉദ്ദേശ്യം പ്രതികള്ക്കുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി. നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് 110 ദിവസത്തോളവും കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നു.